ഫുട്ബോള്‍ ആരവത്തിനൊരുങ്ങി കൊയിലാണ്ടി; 43ാമത് എ.കെ.ജി ഫുട്ബോള്‍ മേള ഇന്ന് മുതല്‍; ആദ്യദിനത്തില്‍ കളിക്കളത്തില്‍ കരുത്തുകാട്ടാന്‍ നാല് വിദേശതാരങ്ങള്‍
കൊയിലാണ്ടി: 43ാമത് എ.കെ.ജി ഫുട്ബോള്‍ മേളയ്ക്ക് ഇന്ന് പന്തുരുളരും. നേതാജി എഫ്സി കൊയിലാണ്ടി, ബ്ലാക്ക്സണ്‍ തിരുവോട് എന്നിവര്‍ തമ്മിലാണ് ആദ്യ മത്സരം. വൈകിട്ട് ആറിന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ ഇത്തവണ നാല് വിദേശതാരങ്ങളാണ് കളത്തിലിറങ്ങുന്നത്. സുഡാനികളായ വാല്ഡീസ്, വിക്ടര്‍, കൗഫ് വിംഗ് എന്നിവരാണ് നേതാജി എഫ്സിക്കായി കളിക്കളത്തിലിറങ്ങുന്ന വിദേശതാരങ്ങള്‍. കോഴിക്കോട് സ്വദേശികളായ അര്‍ഷാക്ക്, അജ്മല്‍, അര്‍ഷാദ്, ഇമ്മാനുവല്‍, പഴാസ്, നിഥാല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വി.കെ ജയന് ആണ് ടീം മാനേജര്‍. സുഡാന് താരമായ യാമിയാണ് ബ്ലാക്ക്സണ്‍ തിരുവോട് ടീമിലെ ഏക വിദേശതാരം.
ഇത്തവണ എ.കെ.ജി ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫുട്ബോള്‍ മേളയായാണ് നടത്തുന്നത്. മൂന്ന് ടൂര്‍ണമെന്റുകളിലായി 32 ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. പ്രധാന ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണുള്ളത്. ജ്ഞാനോദയം ചെറിയമങ്ങാടും ഓസ്കാര്‍ എളേറ്റിലും ജനുവരി 14നും ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടിയും എഫ്.സി പാറക്കല്‍ താഴെയും ജനുവരി 16നും ചെല്‍സി വെള്ളിപറമ്പും ട്രാവല്‍ ഗൈഡ് കൊയിലാണ്ടിയും ജനുവരി 19നും ഏറ്റുമുട്ടും. ജനുവരി 21നും 23നുമാണ് സെമി ഫൈനല്‍. ജനുവരി 26നാണ് ഫൈനല്‍ മത്സരം.
അണ്ടര്‍ 17 ജില്ലാതല ടൂര്‍ണമെന്റും മേളയുടെ ഭാഗമായി നടക്കും. 18നാണ് ഈ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. എട്ട് ടീമുകളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്നത്. ഈ ടൂര്‍ണമെന്റ് സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ കൊയിലാണ്ടിയിലെയും പരിസരത്തെയും പ്രാദേശിക ടീമുകളുടെയും മത്സരം നടക്കും. 16 ടീമുകളാണ് ഈ വിഭാഗത്തിലുള്ള ടൂര്‍ണമെന്റില്‍ പോരിനിറങ്ങുന്നത്.
സമാപന പരിപാടി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫുട്ബോള്‍ താരം സി.കെ.വിനീത് മുഖ്യാതിഥിയാവും. കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റാണ് എ.കെ.ജി ഫുട്ബോള്‍ ടൂര്‍ണമെന്റ്. ഫുട്ബോള്‍ താരങ്ങളായ ഐ.എം.വിജയന്, യു.ഷറഫലി, ആസിഫ് സഹീര്‍ തുടങ്ങിയ താരങ്ങള്‍ മുമ്പ് എ.കെ.ജി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചവരാണ്.
Description: The 43rd AKG Football Fair begins today