‘കേരളത്തിലെ മത ധ്രുവീകരണ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് കൂടി തയ്യാറാവണം’; മേപ്പയ്യൂരിലെ എടത്തില്‍ ഇബ്രാഹിം അനുസ്മരണ സമ്മേളന വേദിയില്‍ എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍
മേപ്പയ്യൂര്‍: കേരളത്തില്‍ മതധ്രുവീകരണം ഉണ്ടാകുന്നതിന് വേണ്ടിയുള്ള ശ്രമത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് കൂടി തയ്യാറാവണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍. എടത്തില്‍ ഇബ്രാഹിമിന്റെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സി.പി.എം മേപ്പയൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ ഭാഗമായി ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ എല്ലാ സംഘടനകളെയും യോജിപ്പിക്കുന്നതിനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഇത് കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് വലിയ അപകടമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകിട്ട് 5മണിക്ക് മേപ്പയ്യൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി.
സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എം.ദാമോദരൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ടി.കെ.ഹംസ, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, പഞ്ചായത്ത് പ്രസിഡൻറ് കെ.ടി രാജൻ, ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത്, കെ.രാജീവൻ, പി.പി രാധാകൃഷ്ണൻ, കെ.കുഞ്ഞിരാമൻ. കെ.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തോട് അനുബന്ധിച്ച് റെഡ് വൊളൻ്റിയർ മാര്‍ച്ചും പ്രകടനവും നടന്നു. 1987 ഡിസംബർ 28 ആം തീയതി വൈകുന്നേരമാണ് മേപ്പയ്യൂർ ടൗണിൽ വച്ച് എടത്തിൽ ഇബ്രാഹിം ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. സ്വന്തം ബേക്കറി ഷോപ്പിനു മുന്നിൽ സഹോദരങ്ങളോട് സംസാരിച്ചിരിക്കവേ, അവരുടെ കൺ മുന്നിൽ വച്ചാണ് കൊല്ലപ്പെട്ടത്.
Description: The 37th Martyrdom Day of Edathil Ibrahim