ലോകത്തിലാകെ രോഗമുക്തി നേടിയത് എട്ടുപേർ മാത്രം, ഇന്ത്യയിൽ ഇതാദ്യം; അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് ജീവിതം തിരികെപ്പിടിച്ച് തിക്കോടി സ്വദേശി, ആരോഗ്യ പ്രവർത്തകർക്ക് കൈയടി


കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ പതിനാലുകാരൻ മൂന്നാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

14 വയസുകാരന്‍ ജീവൻ കാക്കാനായതിന്റെ അഭിമാനത്തിലാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി. ഈ നേട്ടത്തില്‍ ഡോക്ടർമാരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. രോഗം നേരത്തെ തിരിച്ചറിയാൻ സാധിച്ചതാണ് കുട്ടിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് ഡോ.അബ്ദുള്‍ റൗഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ രോഗം തിരിച്ചറിഞ്ഞതാണ് ഗുണകരമായത്. ജർമനിയില്‍ നിന്നുള്ള മരുന്ന് ആരോഗ്യ വകുപ്പ് എത്തിച്ചു നല്‍കിയെന്നും അത് കുട്ടിക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഇതുവരെ ഈ രോഗം ബാധിച്ച 8 പേരാണ് രോഗ വിമുക്തി നേടിയതെന്നും രാജ്യത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം രോഗ വിമുക്തി നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടിക്ക് ലക്ഷണങ്ങള്‍ കണ്ട് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം തോന്നിയ ആരോഗ്യ പ്രവ‍ർത്തകരാണ് കുട്ടിയെ വിദഗ്‌ധ ചികിത്സയ്ക്ക് അയച്ചത്. പിന്നീടാണ് കോഴിക്കോടുള്ള ബിഎംഎച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് വേണ്ടി ജര്‍മ്മനിയില്‍ നിന്ന് മില്‍റ്റൊഫോസിൻ എന്ന മരുന്ന് പ്രത്യേകമായി എത്തിച്ച്‌ നല്‍കിയ ആരോഗ്യവകുപ്പ് കുട്ടിയെ ജീവൻ രക്ഷിക്കാനുള്ള തീവ്ര പരിശ്രമത്തിൻ്റെ ഭാഗമായി.