‘മൂന്നുപതിറ്റാണ്ടിലേറെ പഴക്കമുള്ള ഓര്‍മ്മകള്‍, ഒരുവട്ടം കൂടി സ്‌കൂള്‍മുറ്റത്തെത്തിയപ്പോള്‍ മനസുകൊണ്ട് പഴയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായി’ 37 വര്‍ഷത്തിനുശേഷം ഒത്തുചേര്‍ന്ന് 1987ലെ ശ്രീവാസുദേവാശ്രമ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസുകാര്‍


നടുവത്തൂര്‍: ശ്രീ വാസുദേവാശ്രമ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1987 വര്‍ഷം പത്താം ക്ലാസ്സില്‍ പഠിച്ചവര്‍ 37 വര്‍ഷത്തിന് ശേഷം സ്‌കൂളില്‍ ഒത്തുചേര്‍ന്നു. സെക്കന്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.സി) എന്ന പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരേ ഒരു ബാച്ച് ആയിരുന്നു 1987 ലെ പത്താം ക്ലാസ് പരീക്ഷ എഴുതിയവര്‍. അക്കാലത്ത് ശ്രീ വാസുദേവാശ്രമ മാനേജ്മെന്റിന്റെ കീഴില്‍ 8 മുതല്‍ 10 വരെ പഠിച്ചവര്‍ പഴയകാല ഓര്‍മ്മകള്‍ അയവിറക്കി ഒന്നിച്ചു കണ്ടതിലുള്ള ആഹ്ലാദം പങ്കുവെക്കുകയും ഒത്തുചേരലില്‍ എത്തിയ തങ്ങളെ പഠിപ്പിച്ച ഗുരുക്കന്മാരെ ആദരിക്കുകയും ചെയ്തു.

പഠനത്തിന് ശേഷമുള്ള കാലയളവില്‍ മണ്മറഞ്ഞ ഗുരുക്കന്മാരേയും സഹപാഠികളെയും സംഗമത്തില്‍ അനുസ്മരിച്ചു. ഓണത്തോടനുബന്ധിച്ചുള്ള ഒത്തുചേരല്‍ ആയതിനാല്‍ വിഭവ സമൃദമായ സദ്യയും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഒരുവട്ടം കൂടി സ്‌കൂള്‍ തിരുമുറ്റത്ത് എത്തിയപൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആനന്ദത്തോടെ ഇപ്പോഴത്തെ ശ്രീ വാസുദേവാശ്രമം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏറെ സമയം ചെലവഴിച്ചു. ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ശീര്‍ഷകത്തില്‍ 1987 ബാച്ചിന്റെ കൈപ്പുസ്തകം ഈ വര്‍ഷാവസാനത്തോടെ ഇറക്കുന്നതിന് സംഗമത്തില്‍ തീരുമാനമെടുത്തു. ആശ്രമ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും സ്റ്റാര്‍ സിംഗര്‍ ഫെയിമുമായ കുമാരി തേജലക്ഷ്മി യുടെ ഗാനങ്ങള്‍ പരിപാടിയ്ക്കു കൂടുതല്‍ മികവേകി.

ദാമോദരന്‍ മാസ്റ്റര്‍, രാമകൃഷ്ണന്‍ മാസ്റ്റര്‍, അശോകന്‍ മാസ്റ്റര്‍, കവിത ബാലകൃഷ്ണന്‍ മാസ്റ്റര്‍, രാമദാസന്‍ മാസ്റ്റര്‍, പ്രേം രാജ് മാസ്റ്റര്‍, പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, തുളസി ടീച്ചര്‍, ഗൗരി ടീച്ചര്‍, ഭാനുമതി ടീച്ചര്‍, ഗീത ടീച്ചര്‍ എന്നിവരെയാണ് ആദരിച്ചത്. കെ.ടി.സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിന് കിഷോര്‍ കുമാര്‍ സ്വാഗതവും ജയജ ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി. ഇത്തരം ഒരു ഒത്തുചേരലിന് വേണ്ടി രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍സ് അനില്‍കുമാര്‍, അരവിന്ദന്‍.സി, രമ ആഴാവില്‍, ഷാജി.സി.വി, സോന.വി.ആര്‍, സുനന്ദ.പി.എം, സുരേഷ് കെ.പി, സുരേഷ് കുമാര്‍ നമ്പ്രത്തുക്കുറ്റി എന്നിവര്‍ നേതൃത്വം നല്‍കി.

Summary: The 10th class of Srivasudevashrama Higher Secondary School of 1987 reunited after 37 years.