‘വനപ്രദേശത്ത് നിന്ന് വലിയ പാറ റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലേക്ക്’ ; താമരശ്ശേരി ചുരത്തിലെ പുതിയ അപകടഭീതിയില്‍ യാത്രികര്‍


താമരശേരി: താമരശേരി ചുരത്തില്‍ പാറ ഉരുണ്ട് വീണ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ ഇടിച്ചുണ്ടായ അപകടം ഇതുവഴിയുള്ള യാത്രികര്‍ക്കിടയില്‍ പുതിയൊരു ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ചുരത്തില്‍ മണ്ണിടിച്ചിലും വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടവും ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും എന്നാല്‍ വനപ്രദേശത്തുനിന്നും പാറ പൊട്ടിവീണ് അപകടം സംഭവിക്കുന്നത് ആദ്യമായാണെന്നാണ് ചുരം സംരക്ഷണ സമിതി ഭാരവാഹിയായ താജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

‘വനത്തിന്റെ ഉയരത്തിലുള്ള ഏതോ ഭാഗത്തുനിന്നും ഒരു പാറക്കഷ്ണം ഉരുണ്ട് താഴേക്ക് വീഴുകയായിരുന്നു. മഴക്കാലത്തും മറ്റും മണ്ണും പാറക്കഷ്ണങ്ങളും ഇടിഞ്ഞുവീണ സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു സംഭവം ആദ്യമായാണ്. കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ ഇതുവഴിയുള്ള യാത്രക്കാര്‍ക്കിടയില്‍ ഒരു ഭീതി സൃഷ്ടിച്ചിരിക്കുകയാണ് ഇന്ന് നടന്ന സംഭവം’ അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചയോടെയായിരുന്നു ചുരത്തില്‍ അപകടം നടന്നത്. കഴിഞ്ഞദിവസത്തെ കനത്ത മഴയില്‍ വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭിനവ് മരണപ്പെട്ടിരുന്നു. അഭിനവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് ആറാം വളവിലെത്തിയപ്പോഴാണ് കൂറ്റന്‍പാറക്കല്ല് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിലേക്ക് പതിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കും യുവാക്കളും താഴേക്ക് പതിക്കുകയായിരുന്നു.

ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്. അപകടത്തില്‍പ്പെട്ടവരെ ഉടനെ ഈങ്ങാപ്പുഴയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.