വിവാദ ചിത്രം ‘കേരള സ്റ്റോറി’ പള്ളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത


കണ്ണൂര്‍: കേരള സ്റ്റോറി സിനിമ പളളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചതിനു പിന്നാലെ താമരശ്ശേരി, തലശ്ശേരി അതിരൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നായിരുന്നു അഭ്യൂഹം. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുളള പള്ളികളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് തലശ്ശേരി അതിരൂപത വ്യക്തമാക്കി. കെസിവൈഎമ്മിന്റേതായി വന്ന നിര്‍ദേശം രൂപതയുടേതല്ലെന്നും മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അതിരൂപത ഉദ്ദേശിക്കുന്നില്ലെന്നും അതിരൂപത വ്യക്തമാക്കി.

സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും അറിയിപ്പില്‍ പറയുന്നു. ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് ഇത് വീണ്ടും ചര്‍ച്ചാ വിഷയമായത്.