വാദ്യമേളങ്ങളോടെ കൊടിയേറ്റം; കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി
കൊയിലാണ്ടി: കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളാലും, വാദന വൈവിധ്യങ്ങളാലും, പെരുമ പുലര്‍ത്തുന്ന കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. കാലത്ത് ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി ചെറുപുരയില്‍ മനോജിന്റെയും കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമവും ശുദ്ധികലശത്തിനു ശേഷം കൊരയങ്ങാട് വാദ്യ സംഘത്തിന്റെ മേളത്തോടെയായിരുന്നു കൊടിയേറ്റം.
തുടര്‍ന്ന് ഭക്തജനങ്ങള്‍ കലവറ നിറയ്ക്കല്‍ നടത്തി. വൈകീട്ട് 5 മണിക്ക് ചോമപ്പന്‍ കാവ് കയറുന്നതോടെ ക്ഷേത്രം ഭക്തിസാന്ദ്രമായി മാറും. തുടര്‍ന്ന് കുട വരവും എത്തിച്ചേരും. വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദീപാരാധനയും നടത്തും. രാത്രി വിഷ്ണു കൊരയങ്ങാട്, കലാമണ്ഡലം ഹരികൃഷ്ണന്‍ എന്നിവരുടെ ഇരട്ട തായമ്പകയും, നവരംഗ് കുരുന്നന്റെ തായമ്പകയും മേള വിസ്മയം തീര്‍ക്കും.
രാത്രി 10 മണിക്ക് വില്ലെഴുന്നള്ളിപ്പും പുലര്‍ച്ചെ നാന്ദകം എഴുന്നള്ളിപ്പും നടക്കും. 30ന് ചെറിയ വിളക്ക്. 31 ന് വലിയ വിളക്ക്, ഫിബ്രവരി ഒന്നിന് താലപ്പൊലിയുമാണ് പ്രധാന ഉല്‍സവ ദിവസങ്ങള്‍. രണ്ടിന് സമാപിക്കും.