ഓണം കഴിഞ്ഞിട്ടും അവസാനിക്കുന്നില്ല ചെണ്ടുമല്ലിയുടെ വിശേഷങ്ങള്‍; ചേമഞ്ചേരി പഞ്ചായത്തും കൃഷിഭവനും മുന്നിട്ടിറങ്ങിയപ്പോള്‍ പത്ത് വനിതാഗ്രൂപ്പുകള്‍ വിളയിച്ചെടുത്ത ചെണ്ടമല്ലികള്‍ വിറ്റഴിച്ചത് ഒരുലക്ഷത്തിലധികം രൂപയ്ക്ക്


ചേമഞ്ചേരി: ചേമഞ്ചേരിയിലെ അഞ്ച് പേരടങ്ങുന്ന പത്ത് വനിതാഗ്രൂപ്പുകള്‍ ചേര്‍ന്ന് ഇത്തവണ ഓണം ആഘോഷിച്ചത് ഇവര്‍ നട്ടുവളര്‍ത്തിയ ചെണ്ടുമല്ലികൃഷിയിലൂടെ. രണ്ട് ലക്ഷത്തിലധികം രൂപയുടെ ചെണ്ടുമല്ലിപ്പൂക്കളാണ് ഉവര്‍ വിളയിച്ചെടുത്തത്. ആദ്യം ഗുണഭോക്താക്കളെ ആകര്‍ഷിച്ചെടുക്കുക പ്രയാസമായിരുന്നുവെങ്കിലും കൃഷി ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്ത് അധികൃതരും തീവ്രശ്രമം നടത്തിയാണ് പത്ത് ഗ്രൂപ്പുകളെയും ഈസംരംഭത്തിന് പാകപ്പെടുത്തിഎടുത്തത്. തൊഴിലുറപ്പ് പദ്ധതിയിലാണ് കൃഷിക്ക് നിലമൊരുക്കിയത്.

ഓരോ ഗ്രൂപ്പിനും ആയിരംചെണ്ടുമല്ലി തൈകളും ആവശ്യമായ ജൈവവളവും കൃഷിഭവന്റെയും ചേമഞ്ചേരിഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നല്‍കി. കൃഷിഭവന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് കൃത്യമായ പരിപാലനത്തിലൂടെയാണ് ചെണ്ടുമല്ലികൃഷിയില്‍ ഇവര്‍ വിജയഗാഥ രചിച്ചത്. അത്തത്തിന് പത്ത് നാള്‍ മുമ്പും ഓണത്തിന് ശേഷം ഇതുവരെയും നല്ല വിളവാണ് ലഭിച്ചത്.

നവരാത്രി ഉത്സവത്തിന്നുള്ള പൂക്കള്‍ കൂടി വിറ്റഴിയുന്നതോടെ ഏതാണ്ട് രണ്ട് ലക്ഷത്തിലധികം രൂപയുടെ പൂക്കള്‍ ഇവര്‍ വില്പന നടത്തും. നൂറ് മേനി കൊയ്തതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൂടുതല്‍ വനിതാഗ്രൂപ്പുകളെ രംഗത്തിറ ക്കാനുള്ള ശ്രമത്തിലാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തും, കൃഷിഭവനും.

കൃഷി വിലയിരുത്തല്‍ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, കൃഷി ഓഫീസര്‍ വിദ്യ ബാബു, വിലയിരുത്തല്‍ സമിതി കണ്‍വീനര്‍ പി. മധുസൂധനന്‍, വാര്‍ഡ് കണ്‍വീനര്‍ രാമചന്ദ്രന്‍, ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കിയ
ആസൂത്രണ സമിതി അംഗം അശോകന്‍ കോട്ട് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികളായ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. അജ്‌നഫ്, ഗീത മുല്ലോളി, സുധ തടവന്‍കയ്യില്‍. കൃഷി ഉദ്യോഗസ്ഥന്മാര്‍, വനിതാ ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.