അകലാപ്പുഴയിലെ ശിക്കാര ബോട്ടുകളില്‍ ആര്‍.ഡി.ഒയും സംഘവും പരിശോധന നടത്തി; രേഖകളെല്ലാമുണ്ട്, പരിധിയിലധികം യാത്രക്കാരെ കയറ്റിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
കൊയിലാണ്ടി: അകലാപ്പുഴയിലെയും നെല്യാടിപ്പുഴയിലെയും ഉല്ലാസബോട്ടുകളില്‍ റവന്യൂ, പോലീസ് സംഘം പരിശോധന നടത്തി. വടകര ആര്‍.ഡി.ഒ. സി. ബിജുവിന്റെയും വടകര ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദിന്റെയും നേതൃത്വത്തില്‍ പ്രത്യേകമായിട്ടായിരുന്നു പരിശോധന. താനൂര്‍ ബോട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ടുയാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
പുറക്കാട് ഗോവിന്ദമേനോന്‍ കെട്ട് ഭാഗത്ത് ഒന്‍പത് ശിക്കാരബോട്ടുകളില്‍ ആര്‍.ഡി.ഒ.യും സംഘവും പരിശോധന നടത്തി. അകലാപ്പുഴയില്‍ പരിശോധന നടത്തിയ ബോട്ടുകളില്‍ ആവശ്യമായ രേഖകളെല്ലാമുണ്ട്. പരിധിയില്‍കവിഞ്ഞ് കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംഘം അറിയിച്ചു.
ബുധനാഴ്ച വൈകീട്ടാണ് ആര്‍.ഡി.ഒ.യും സംഘവും പരിശോധനയ്‌ക്കെത്തിയത്. പുറക്കാട് അച്ചംവീട് നട, നെല്യാടിക്കടവ് കൊടക്കാട്ടുംമുറി ഭാഗങ്ങളിലെ ഉല്ലാസബോട്ടുകളില്‍ ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദും സംഘവും പരിശോധന നടത്തി.
താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, കാപ്പാട്, അകലാപ്പുഴ തീരങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഉല്ലാസ ബോട്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളുടെയും ഓപ്പറേറ്റര്‍മാരുടെയും ലിസ്റ്റ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.