പഠന രീതി എളുപ്പമാക്കാന്‍ മേശയും കസേരയും; കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണീച്ചര്‍ വിതരണം
കൊയിലാണ്ടി: പഠന രീതി എളുപ്പമാക്കുന്നതിനായി പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പഠനോപകരണങ്ങള്‍ കൈമാറി. നഗരസഭയുടെ വാര്‍ഷിക പദ്ധതി 2023-24ന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണീച്ചര്‍ കൈമാറിയത്. കൊയിലാണ്ടി ഇ.എം. എസ് സമാരക ടൗണ്‍ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് സഭയിലൂടെ അപേക്ഷിച്ച അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതി വഴി ഫര്‍ണീച്ചറുകള്‍ വിതരണം ചെയ്തത്. മേശയും കസേരയും അടക്കമുള്ളവയാണ് കൈമാറിയത്. ചടങ്ങില്‍ നഗരസഭ വാര്‍ഷിക പദ്ധതിയുടെ വിശദീകരണം പട്ടികജാതി വികസന ഓഫീസര്‍ അനിതകുമാരി നടത്തി.
ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് കെ. ഷിജു അദ്ധ്യക്ഷനായി. വൈസ് ചെയര്മാന് അഡ്വ. സത്യന്, സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരായ ഇ കെ അജിത്ത് മാസ്റ്റര്‍, സി. പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ വൈശാഖ്. കെ. കെ, റഹ്മത്ത്, വി രമേശന് മാസ്റ്റര്‍, വത്സരാജ്, ദൃശ്യ, ആര് കെ കുമാരന്, ചന്ദ്രിക എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ കെ.ടി. സുമേഷ് നന്ദി പറഞ്ഞു.