ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ അറിയാം


ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കും. ഹൃദ്രോഗത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് മുംബൈയിലെ മെഡിക്കോവര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ അനുപ് മഹാജാനി.

ആവശ്യത്തിന് വിശ്രമമോ ഉറക്കമോ ലഭിച്ചതിന് ശേഷവും ഒരാള്‍ക്ക് വളരെ ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണമാവാം. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ ഉറപ്പാക്കുക. പടികള്‍ കയറുമ്പോഴും എളുപ്പവും ലളിതവുമായ ജോലികള്‍ ചെയ്യുമ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും മറ്റൊരു ലക്ഷണമാണ്.

എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ നെഞ്ചില്‍ എന്തെങ്കിലും അസ്വാസ്ഥ്യമോ വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് നേരിയതോ കഠിനമോ ആയാലും നിസാരമായി കാണരുത്. ഡോക്ടറെ കണ്ട് ചികിത്സ ഉറപ്പാക്കുക.

നെഞ്ചുവേദന പോലുള്ള സുപ്രധാന ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും അവരുടെ അവസ്ഥയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. നെഞ്ചുവേദന ഹൃദയത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് ഞെരുക്കം, വേദന, സമ്മര്‍ദ്ദം എന്നിവ അനുഭവപ്പെടാം. ചികിത്സ വൈകിപ്പിക്കാതെ ഉടനെ ഡോക്ടറെ കാണുന്നതാണ് നല്ലത്.

ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ചിലപ്പോള്‍ ശ്വാസം മുട്ടുന്ന പോലെയും തോന്നാം. നിങ്ങളുടെ ഹൃദയം പ്രതീക്ഷിച്ചതിലും കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നില്ല എന്നതിന്റെ നിര്‍ണായക സൂചനയാണിത്.

കഴുത്ത്, താടിയെല്ല്, തൊണ്ട, വയറിലോ പുറകിലോ വേദന എന്നിവയും ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങളാണ്. ഈ ഭാഗങ്ങളില്‍ വേദനയോ അസ്വാസ്ഥ്യമോ ഉണ്ടെങ്കില്‍ സൂക്ഷിക്കുക.