”നീന്തല്‍ അറിയുന്നവര്‍ മാത്രം വന്നാല്‍ മതി” പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായുള്ള കൊയിലാണ്ടി നഗരസഭയിലെ നീന്തലറിവ് പരിശോധന ജൂലൈ നാലിന്- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: പ്ലസ് വണ്‍ പ്രവശനത്തിന് ബോണസ് പോയന്റ് ലഭിക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായുള്ള കൊയിലാണ്ടി നഗരസഭയിലെ നീന്തലറിവ് പരിശോധന ജൂലൈ നാലിന് നടക്കും. രാവിലെ എട്ട് മണിക്ക് എല്ലാ വിദ്യാര്‍ഥികളും കൊല്ലം ചിറയില്‍ എത്തണമെന്നാണ് നിര്‍ദേശം.

ആകെയുള്ള 44 വാര്‍ഡുകളില്‍ പതിനൊന്ന് വാര്‍ഡുകള്‍ക്ക് ഒരുമണിക്കൂര്‍ എന്ന നിലയില്‍ നാലുമണിക്കൂര്‍ കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നീന്തല്‍ അറിയാവുന്ന പത്താം തരം പാസായ വിദ്യാര്‍ഥികള്‍ മാത്രം പരിശോധനയ്ക്ക് എത്തിയാല്‍ മതിയെന്നും അവര്‍ പറഞ്ഞു.

പരിശീലനത്തിനായെത്തുന്ന വിദ്യാര്‍ഥികള്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ഹാള്‍ ടിക്കറ്റിന്റെ കോപ്പി, ഫീസായി 50 രൂപ എന്നിവ കയ്യില്‍ കരുതണം.

നേരത്തെ ജില്ലയിലെ എല്ലാ വിദ്യാര്‍ഥികളും നടക്കാവിലെ സ്പോര്‍ട്സ് കൗണ്‍സില്‍ നീന്തല്‍ക്കുളത്തിലെത്തി പ്രാവീണ്യം തെല്‍യിക്കണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. ഇത് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്കകള്‍ക്കു വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാദേശിക തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മേല്‍നോട്ടത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ബോണസ് മാര്‍ക്കിന് കഴിഞ്ഞവര്‍ഷം മുതലാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. അതുവരെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് അംഗങ്ങളും കൗണ്‍സിലര്‍മാരും മുഖേനയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. ബോണസ് മാര്‍ക്കിനുവേണ്ടി നീന്തല്‍ പ്രാവീണ്യമില്ലാത്തവരും വളഞ്ഞ വഴിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നേടുന്നതായി പരാതി ഉയര്‍ന്നതോടെയാണ് സ്പോര്‍ട്സ് കൗണ്‍സിലിനെ ഇതിനായി ചുമതലപ്പെടുത്തിയത്.