ബാലുശ്ശേരിയിൽ കണ്ണീർമഴയായി വേനൽമഴ; നശിച്ചത് രണ്ടേക്കറോളം പാടത്തെ പച്ചക്കറിക്കൃഷി


ബാലുശ്ശേരി: കോവിഡ് മഹാമാരിയിൽ നിന്നും കരകയറാമെന്നുള്ള പ്രതീക്ഷകളത്തരെയും തകർത്ത് വേനൽമഴ. മഴയിൽ നശിച്ചത് പനങ്ങാട് പഞ്ചായത്തിലെ ഒമ്പതാംവാർഡിൽ രണ്ടേക്കറോളം വരുന്ന പാടത്തെ പച്ചക്കറി കൃഷിയാണ്. കൃഷി വകുപ്പിന്റെ സഹായത്തോടെ ഇറക്കിയ കൃഷിയിൽ ഇത്തവണ നല്ല വിളവെടുക്കാമെന്നുള്ള പ്രതീക്ഷയായിരുന്നു.

സാധാരണ വിഷുവിനോടനുബന്ധിച്ച് മൂന്നുതവണയെങ്കിലും ഇവിടെ നിന്ന് വിളവെടുപ്പ് നടത്താൻ കഴിയുമായിരുന്നു. എന്നാൽ ഇത്തവണ ഇവ പൂർണമായി വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

കിനാലൂർ കേളിക്കരയിലെ സ്ത്രീകളുടെ കൃഷിക്കൂട്ടായ്മയായ അക്ഷയയാണ് വെള്ളരി, വെണ്ട, പച്ചമുളക്, വഴുതന, മത്തൻ തുടങ്ങിയവ കൃഷിചെയ്തത്. എന്നാൽ, മഴയിൽ വേരും തണ്ടും ചീഞ്ഞുപോയതിനാൽ ഇനി വിള ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നു കൂട്ടായ്മ പറഞ്ഞു.