വേനല്‍ക്കാലത്തെ ആരോഗ്യപരിപാലനം; ശ്രദ്ധിക്കാം ഇവയൊക്കെ


സംസ്ഥാനത്ത് ചൂട് ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സൂര്യാഘാതമോ സൂര്യാതപമോ ഏറ്റാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഭക്ഷണ കാര്യങ്ങളില്‍ ചെലുത്തേണ്ട ശ്രദ്ധ, ചര്‍മ്മ സംരക്ഷണം, എന്നിവയെക്കുറിച്ച് അറിയാം.

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

വേനല്‍ക്കാലത്ത് പലര്‍ക്കും ഭക്ഷണം കഴിക്കാന്‍ തോന്നാറില്ല. അത്തരമൊരു സാഹചര്യത്തില്‍ ഭക്ഷണം ഒഴിവാക്കുന്നത് ഉചിതമല്ല നിങ്ങളുടെ ശരീരത്തിന് പോഷകപ്രദമായ ആഹാരങ്ങള്‍ നല്‍കുക. കുറച്ച് കഴിക്കുക എന്നാല്‍ കൂടുതല്‍ ഗുണമുള്ളത് കഴിക്കുക. ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കും.

പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

വേനല്‍ക്കാലത്തെ കനത്ത ചൂട് നമ്മുടെ ചര്‍മ്മത്തിന് ഏറെ പ്രശ്‌നങ്ങള്‍ വരുത്താറുണ്ട്. ചര്‍മ്മത്തിന് ഉണ്ടാകുന്ന ടാനിംഗ് ആണ് അതില്‍ പ്രധാനം ഇത് മറ്റ് പലവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും അതിനാല്‍, വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മുഖത്തും കൈകളിലും കാലുകളിലും സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക

നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം നടത്തുന്നവര്‍ തുടങ്ങി പുറംവാതില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം.

വെള്ളം കുറച്ചുകുടിക്കുന്നവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍, പോഷകാഹാര കുറവുള്ളവര്‍, തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താത്ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. ഇത്തരക്കാരില്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു എങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
വേനല്‍ക്കാലത്ത് കഴിവതും ലഘുഭക്ഷണം കഴിയ്ക്കുക.

കുട്ടികളെയും പ്രായമായവരെയും ഗര്‍ഭിണികളെയും ഹൃദ്രോഗം മുതലായ ഗുരുതര രോഗമുള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.