കൈത്തറി വസ്ത്ര വൈവിധ്യത്തില്‍ വിസ്മയം തീര്‍ക്കാന്‍ ‘സര്‍ഗാടെക്‌സ് 2024’; സര്‍ഗാലയയില്‍ കൈത്തറി പൈതൃകോത്സവം സെപ്തംബര്‍ ഒന്ന് മുതല്‍
വടകര: ഭാരതത്തിന്റെ കൈത്തറി വസ്ത്ര പാരമ്പര്യത്തിന് ആദരവായി കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന വിപുലമായ പ്രദർശന വിപണന മേളക്ക് സർഗാലയ ഒരുങ്ങുന്നു. ഹാൻഡ്ലൂം ബിസിനസ്സ് ടൂ ബിസിനസ്സ് മീറ്റ്, ഹാൻഡ്‌ലൂം ഫാഷൻ ഷോ “കേരള ഹാൻഡ്‌ലൂം ക്വീൻ”, ഓൺലൈൻ വീഡിയോ മത്സരം തുടങ്ങിയ വൈവിധ്യമേറിയ പരിപാടികേളോടെ “സർഗാടെക്‌സ് 2024” സെപ്തംബർ ഒന്നു മുതൽ 14 വരെ നടക്കും. ഭാരത സർക്കാർ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഡിസൈൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സ്റ്റേറ്റ് ഹാൻഡ്‌ലും എക്സ്പോ സംഘടിപ്പിക്കുന്നത്. ആഡംബര സിൽക്ക് സാരികൾ മുതൽ കരവിരുതിൽ തീർത്ത മനോഹരമായ എംബ്രോയിഡറി ദുപ്പട്ടകൾ വരെയുള്ള കൈത്തറി വസ്ത്രങ്ങളുടെ മാസ്‌മരിക ഭംഗി ആസ്വദിക്കാനും നിർമ്മാതാക്കളിൽ നിന്നും നേരിട്ട് വാങ്ങാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ കൈത്തറി പൈതൃകത്തോടൊപ്പം ഇന്ത്യയിലെ 17ൽപ്പരം സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈവിധ്യമേറിയ കൈത്തറി തുണിത്തരങ്ങളുടെ വിസ്‌മയം മേളയുടെ പ്രത്യകതയായിരിക്കും. ആദ്യമായാണ് സർഗാലയയിൽ ഹാൻഡ്ലും പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. ആന്ധ്രപ്രദേശ്, ബീഹാർ, ഡൽഹി, ഹരിയാന, ജമ്മു ആൻഡ് കാശ്‌മീർ, ജാർഖണ്ഡ്, തമിഴ്‌നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, തെലങ്കാന, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും കൈത്തറി ഉദ്‌പാദകർ സർഗാലയയിലെത്തും. വെങ്കിടഗിരി, മംഗളഗിരി, ഭഗൽപുരി സിൽക്ക്, ചെട്ടിനാട്, ചന്ദേരി, മഹേശ്വരി, ബനാറസ് സിൽക്ക്, ചിക്കൻകാരി, തംഗയിൽ, ജാംദാനി, പോച്ചംപള്ളി, കലംകാരി, ഫുൾകാരി എന്നീ വിശ്വപ്രശസ്‌ത കൈത്തറി സാരികൾ, പഷ്‌മിന ഷാൾ, ബാന്ദേജ്, കാർപ്പെറ്റുകൾ തുടങ്ങിയ വൈവിധ്യമേറിയ മറ്റ് കൈത്തറി വസ്ത്രങ്ങളാൽ തയ്യാറാക്കുന്ന വിവിധങ്ങളായ ഉൽപ്പന്നങ്ങൾ മേളയിൽ ആകർഷകങ്ങളാകും. കൂടാതെ ഭാരത സർക്കാർ വസ്ത്ര മന്ത്രാലയം സംരംഭങ്ങളായ വീവേഴ്‌സ് സർവീസ് സെന്ററും, ഹാൻഡ്‌ലൂം എക്‌സ്പോർട്ട് പ്രൊമോഷൻ കൗൺസിലും ജാർഖണ്ഡ് സിൽക്ക് ടെക്‌സ്ടൈൽസ് ആൻഡ് ഹാൻഡിക്രഫ്ട‌് ഡെവലൊപ്‌മെൻറ് കോര്‌പറേഷന് ലിമിറ്റഡും പ്രത്യോക സ്റ്റാളുകളും ഒരുക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡം ടെക്നോളജി, കണ്ണൂർ കൈത്തറി തീംപവിലിയൻ ഒരുക്കും. വയനാട്ടിലെ പ്രകൃതി ദുരന്ത ബാധിതരായ കരകൗശല / കൈത്തറി ഉദ്‌പാദകർക്ക് പ്രത്യോക സ്റ്റാൾ ഒരുക്കാനാവസരം നൽകിയിട്ടുണ്ട്. മേളയുടെ ഭാഗമായി സർഗാലയ കഫറ്റീരിയയിൽ കേരളിയ സദ്യ, വിവിധ കേരളീയ ഭക്ഷ്യവിഭവങ്ങൾ എന്നിവ പ്രത്യകമായി ഒരുക്കിയിട്ടുണ്ട്. “സർഗാടെക്സ് 2024” ഔപചാരിക ഉദ്ഘാടനം സെപ്തംബർ നാലിന് വൈകിട്ട് 5.30 ന് കാനത്തിൽ ജമീല എംഎൽഎയും, സ്റ്റേറ്റ് ഹാൻഡ്ലും ഫെസ്റ്റ് വീവേഴ്സ‌് സർവീസ് സെന്റർ ഡയറക്‌ടർ – സൗത്ത് സോൺ സി മുത്തുസ്വാമിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അധ്യക്ഷനാവും. ബാലരാമപുരം, കൂത്താമ്പുള്ളി, പെരുവെമ്പ് എന്നീ കൈത്തറി ഗ്രാമങ്ങളിൽ നിന്നുള്ള സാരികൾ, കേരളത്തിലെ പ്രമുഖ കൈത്തറി സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും. Summary: “Sargatex 2024” to marvel at the variety of handloom garments; Handloom heritage festival at Sargalaya from 1st September.