‘ചില ദിവസങ്ങളിൽ കഴിച്ചത് ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രം; എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി’; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മോഡൽ ഷഹനയുടെ ഡയറി കണ്ടെത്തി


കോഴിക്കോട്: ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമേറ്റത് ക്രൂരപീഡനമെന്ന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടെന്നും ആത്മഹത്യചെയ്ത നടിയും മോഡലുമായ ഷഹനയുടെ ഡയറികുറിപ്പ് പുറത്ത്. വിവാഹം കഴിഞ്ഞ് ഇരുപതാം നാല് മുതൽ ഷഹ്ന എഴുതിയ ഡയറി കുറിപ്പുകളാണ് തെളിവുകളായി ലഭിച്ചത്. സെൻജു എന്ന് ഷഹന വിളിക്കുന്ന സജാദും സജാദിന്റെ വീട്ടുകാരും ഉപദ്രവിച്ചതിനെക്കുറിച്ചും ഭക്ഷണം കിട്ടാത്ത നാളുകളെ കുറിച്ചും, നേരിടേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഡയറിയിൽ കുറിച്ചിട്ടുണ്ട്.

സെൻജുവിന്റെ ഉമ്മയ്ക്ക് വേണ്ടത് ജോലിക്കാരിയെ ആണ്, മരുമകളെ അല്ല. അവർക്ക് എന്നെ കുറ്റം പറഞ്ഞ് കൊന്നാലേസമാധാനം ആവൂ. സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണയാണെന്നും ഡയറിലിട്ടുണ്ട്. ഷഹനയുടെ സഹോദരൻ ബിലാലിന് ചെറുവത്തൂരിലെ വീട്ടിൽ നിന്നാണ് ഡയറി കിട്ടിയത്. സഹോദരൻ ഡയറി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകി. ഡയറി അന്വേഷണ ഉദ്യോഗസ്ഥൻ എ.സി.പി സുദർശന് കൈമാറും.

“എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി. ഞാൻ അവനെ മാത്രം വിശ്വസിച്ച് വന്നതാണ് ഈ വീട്ടിൽ. എന്നിട്ട് സെൻജു പോലും എന്നെ ഇത്തിരി പോലും മനസ്സിലാക്കിയില്ല. ഈ വീട്ടിൽ എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല. ഞാൻ വെറും വേസ്റ്റ്. സെൻജു പോലും എന്നെ സപ്പോർട്ട് ചെയ്യുന്നില്ല. സെൻജു ഞാൻ വിചാരിക്കും പോലെ ഒരാളല്ല.”

മഹറിന്റെ പേര് പറഞ്ഞ് സെൻജുവിന്റെ വീട്ടിൽ നിരന്തരം വഴക്കാണെന്നും മഹർ വിറ്റ് പണം സെൻജുവിന്റെ ഉമ്മയ്ക്ക് കൊടുത്തെന്നും ഷഹന എഴുതിയിട്ടുണ്ട്. വീട് മാറാമെന്ന് ഭർത്താവുമായി ആലോചിച്ച് തീരുമാനം എടുത്തെന്നാണ് മറ്റൊരു ദിവസത്തെ കുറിപ്പിലുള്ളത്.

“സെൻജു എന്നെ കുറേ തല്ലി. സെൻജുവും വീട്ടുകാരും കൂടി എന്റെ അടുത്ത് വഴക്കുണ്ടാക്കി. ഇങ്ങനെ പോയാൽ ഞാൻ ഉണ്ടാവില്ല, സെൻജു എന്റെ കൂടെ ഉണ്ടാവും എന്ന് ഞാൻ കരുതി. ഇപ്പോൾ സെൻജു പോലും കൂടെ ഇല്ല. എനിക്ക് മെന്റലാവും. ഇതുവരെ ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഉമ്മ എന്നെ സ്‌നേഹിച്ച പോലെ ഇതുവരെ എന്നെ ആരും സ്‌നേഹിച്ചിട്ടില്ല.”

ചില ദിവസങ്ങളിൽ കഴിച്ചത് ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രമാണ്. ഭർത്താവ് സജാദിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ഏറെ പീഡനമുണ്ടായി.മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദിച്ചെന്നും ഡയറിയിൽ പറയുന്നു.