നന്മണ്ടയില്‍ ആത്മഹത്യ ചെയ്ത യുവാക്കള്‍ അടുത്ത സുഹൃത്തുക്കളല്ലെന്ന് പൊലീസ്; അന്വേഷണം പുരോഗമിക്കുന്നു


നന്മണ്ട: മരക്കാട്ട് മുക്കില്‍ ആത്മഹത്യ ചെയ്ത രണ്ട് യുവാക്കളും സുഹൃത്തുക്കളല്ലെന്ന് പൊലീസ്. ഒരേ പ്രദേശത്തുകാര്‍ എന്നതില്‍ കവിഞ്ഞ് ഇരുവരും തമ്മില്‍ ബന്ധമില്ലെന്നാണ് മനസിലായതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും ബന്ധുക്കളും ഇത് തന്നെയാണ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും ഫോണുകള്‍ പരിശോധിച്ച പൊലീസിന് ഒന്നും കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ തിറ മഹോത്സവം നടക്കുന്നതിനാല്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ അതില്‍ പങ്കെടുത്തിരുന്നു. അതേപോലെ മരണപ്പെട്ട യുവാക്കളും ചടങ്ങില്‍ സജീവമായിരുന്നു. 27കാരനായ അഭിനന്ദിന് അടുത്ത കാലത്താണ് സര്‍ക്കാര്‍ ജോലി കിട്ടിയത്. മകന് ജോലി കിട്ടിയത് കൂലിവേലക്കാരനായ പിതാവ് രാജന് ഏറെ ആശ്വാസമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് അഭിനന്ദിന്റെ സഹോദരി അഭിനയ വാഹനാപകടത്തില്‍ മരിച്ചതിന്റെ പ്രയാസം വിട്ടുമാറാത്ത കുടുംബം അഭിനന്ദിന്റെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച ആഘാതത്തിലാണ്.

ഓട്ടോ ഡ്രൈവറായ വിജീഷാവട്ടെ തൊഴിലാളികളുടെ ആവശ്യത്തിനായി മുന്നില്‍നിന്ന് പോരാടുന്ന യുവാവായിരുന്നു. നേരത്തെ തന്നെ വിജീഷിന് അമ്മയെ നഷ്ടപ്പെട്ടിരുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രോത്സവത്തിനു പോയിരുന്ന വിജീഷ് ഞായറാഴ്ച രാത്രിയാണ് വീട്ടിലെത്തിയത്. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.