തിക്കോടി, അയനിക്കാട്, പയ്യോളി ഭാഗങ്ങളില്‍ ബോട്ടില്‍ സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് കാനത്തില്‍ ജമീല; വടകര- കൊയിലാണ്ടി ഭാഗത്ത് വെള്ളക്കെട്ട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സബ് കളക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചു


കൊയിലാണ്ടി: ദേശീയപാത 66 ല്‍ പണി നടന്നു കൊണ്ടിരിക്കുന്ന വടകര-കൊയിലാണ്ടി ഭാഗത്ത് വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന രൂക്ഷമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയെ നോഡല്‍ ഓഫീസറായി നിയമിച്ചു. ശനിയാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗമാണ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരം വിഷയത്തില്‍ അടിയന്തിര പരിഹാരം കാണാന്‍ നോഡല്‍ ഓഫീസറെ നിയമിച്ചത്.

പണി നടക്കുന്നതിനാല്‍ ദേശീയപാതയിലെ വെള്ളക്കെട്ട്, സര്‍വീസ് റോഡുകള്‍ മുങ്ങി വീട്ടുകാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നിവ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ തന്നെ യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു. വെങ്ങളം- അഴിയൂര്‍ റീച്ചിലാണ് പ്രധാന പ്രശ്‌നം. ഇവിടെ കരാറുകാരന്‍ സ്വീകരിച്ച നിലപാട് തെറ്റാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ദേശീയപാതയില്‍ പണി നടക്കുന്നതിനാല്‍ പയ്യോളി, അഴിയൂര്‍, വടകര ഭാഗങ്ങളില്‍ വെള്ളക്കെട്ട് മൂലം പ്രശ്‌നമുണ്ടെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി. തിക്കോടി, അയനിക്കാട്, പയ്യോളി ഭാഗങ്ങളില്‍ ബോട്ടില്‍ സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉന്നയിച്ചു.

പയ്യോളിയിലെ പ്രശ്‌നം കള്‍വര്‍ട്ട് നിര്‍മ്മിച്ചാല്‍ പരിഹരിക്കാമെന്നും എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം കാരണം പണി തുടങ്ങാന്‍ കഴിയുന്നില്ലെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞു. ദേശീയപാതയിലെ പ്രവൃത്തി കാരണം മൂരാട് ഭാഗത്ത് വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയിലായ കാര്യവും യോഗം ചൂണ്ടിക്കാട്ടി.

ഇക്കാര്യമെല്ലാം നോഡല്‍ ഓഫീസര്‍ പരിശോധിച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ദിനേന ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ മാത്രമുള്ള 31 റോഡുകള്‍ പലവിധ പ്രവൃത്തികള്‍ക്കായി കീറിയശേഷം അറ്റകുറ്റപ്പണി നടത്താത്ത അവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണം. റോഡ് നിശ്ചിത സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍വ്വസ്ഥിതിയില്‍ ആക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ അറിയിക്കും. ഇക്കാര്യം പരിശോധിക്കാനും സബ്കലക്ടര്‍ക്ക് ചുമതല നല്‍കി.

ജില്ലാ വികസന സമിതി യോഗത്തില്‍ പല പ്രവൃത്തികളും ഏറ്റെടുക്കുന്ന ഏജന്‍സികളുടെ പ്രതിനിധികള്‍ ഹാജരാകാത്തത് എം.എല്‍.എ മാര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.കെ.രമ, ഇ.കെ.വിജയന്‍, കാനത്തില്‍ ജമീല, പി.ടി.എ റഹീം, ലിന്റോ ജോസഫ്, കെ.എം.സച്ചിന്‍ ദേവ്, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ്ബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍.മീണ, എഡിഎം കെ.അജീഷ്, അസി. കലക്ടര്‍ ആയുഷ് ഗോയല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.