ഇതാണ് നമ്മുടെ നാട്; കൊയിലാണ്ടിയിലെ പ്രമുഖ സേവന സ്ഥാപനങ്ങളിലൂടെ യാത്ര നടത്തി പന്തലായനിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾ


കൊയിലാണ്ടി: ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി നാടുകാണി യാത്രയൊരുക്കി ബി.ആർ.സി പന്തലായനി. കുട്ടികളെ പ്രാദേശിക സ്ഥാപനങ്ങൾ പരിചയപെടുത്തക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച യാത്ര കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിച്ചത്.

സമകാലികവിദ്യാഭ്യാസ ആശയം മുൻ നിർത്തി നേരനുഭവത്തിലൂടെ അറിവ് നേടുക, സാമൂഹിക ശേഷി വികാസം നേടുക എന്നീ ആശയത്തോട് കൂടിയാണ് ഈ യാത്ര ഒരുക്കിയത്. കൊയിലാണ്ടി ഫയർ ആന്റ് റസ്കൂ സ്റ്റേഷൻ, റയിൽവേസ്റ്റേഷൻ, പോസ്റ്റോഫീസ് എന്നീ സ്ഥാപനങ്ങളാണ് വിദ്യാർത്ഥികൾക്കായി പരിചയപ്പെടുത്തി കൊടുത്തത്.

ചടങ്ങിൽ പന്തലായനി ബി.ആർ.സി ബി.പി.സി യൂസഫ് നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ശ്രീ സി.പി ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. അസി ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ശ്ര പ്രമോദ് ആശംസ അറിയിച്ചു. ചടങ്ങിൽ സ്പെഷ്യൽ എഡ്യുക്കേറ്റർ പ്രശോഭ എം കെ സ്വാഗതവും ശ്രീമതി സന്ധ്യ രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

പന്തലായനി ബി.ആർ.സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾ സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, ബി ആർ സി പ്രവർത്തകർ എന്നിവർ യാത്രയിൽ പങ്കാളികളായി.