റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിയുടെ ഫോണും പേഴ്‌സും തട്ടിപ്പറിച്ചു; പ്രതികള്‍ പിടിയില്‍
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപത്ത് നിന്നും മൊബൈല്‍ ഫോണും പേഴ്‌സും തട്ടിപ്പറിച്ച പ്രതികള്‍ പിടിയില്‍. മാങ്കാവ് പുതുക്കോണത്ത് പറമ്പ് മുന്‍ഷീര്‍ നിവാസില്‍ മുന്‍ഷീര്‍ അലി (18), നടക്കാവ് പുതിയകടവ് നാലുകുടിപറമ്പില്‍ ആദില്‍ അമീന്‍ (18), ഇവരുടെ സുഹൃത്തായ പ്രായപൂര്‍ത്തിയാവാത്തയാളടക്കം മൂന്ന് പേരെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്.
കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയുടെ ഫോണാണ് പ്രതികള്‍ തട്ടിപ്പറിച്ചത്. ഇന്ന് പുലര്‍ച്ച 03.30ന് നാട്ടിലേക്ക് പോകുവാനായി റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നുപോകുമ്പോള്‍ പ്രതിയളായ മൂന്ന് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പിടിച്ച് വലിച്ച് ഇരുട്ടുള്ള ഭാഗത്തേയ്ക്ക് കൊണ്ടുപോയി പ്രതികളില്‍ ഒരാള്‍ കഴുത്തിന് കുത്തിപ്പിടിച്ച് മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയുടെ പേഴ്‌സും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടുകയുമായിരുന്നു.
വിദ്യാര്‍ത്ഥി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും, പരാതി ലഭിച്ച ടൗണ്‍ പോലീസ് പെട്ടെന്ന് തന്നെ പ്രതികളെ അന്വേഷിച്ചിറങ്ങുകയുമായിരുന്നു. പോലീസ് സംഘം ലിങ്ക് റോഡ് വഴി റെയില്‍വെ സ്റ്റേഷന്റെ കിഴക്കുവശം എത്തിയപ്പോള്‍ റോഡരികിലെ സ്‌കൂട്ടറില്‍ ചാരിനില്‍ക്കുന്ന മൂന്നു ചെറുപ്പക്കാരെ കാണുകയായിരുന്നു. പോലീസ് വാഹനം നിര്‍ത്തുന്നത് കണ്ട് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ടൗണ്‍ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞ് വെച്ച് ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇവരുടെ കയ്യില്‍നിന്നും വിദ്യാര്‍ത്ഥിയുടെ നഷ്ടപ്പെട്ട പേഴ്‌സും മൊബൈല്‍ ഫോണും പോലീസ് കണ്ടെടുക്കുകയും ചെയ്തു. ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിതേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ.സുലൈമാന്‍, എ.എസ്.ഐമാരായ രാമചന്ദ്രന്‍, ഇ.കെ.ഷാജി, സജീവന്‍, എസ്.സി.പി.ഒമാരായ അനൂപ്, നിധീഷ്, രാഗേഷ്, ഡ്രൈവര്‍ സി.പി.ഒ ഉല്ലാസ് എന്നിവര്‍ ചേര്‍ന്ന് പ്രതികളെ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ സഹിതം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയയ്ക്കുകയും, മറ്റ് രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.