വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള പതിനാറ് പ്രോജക്ടുകളെയും മറികടന്ന് ദേശീയ ഐ ആര്‍ ഐ എസ് സയന്‍സ് ഫെയറില്‍ പങ്കെടുത്ത് അഭിമാനമായി ബാലുശ്ശേരി അവിടനല്ലൂര്‍ എന്‍ എന്‍ കക്കാട് സ്മാരക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍


ബാലുശ്ശേരി: ദേശീയ ഐ.ആര്‍.ഐ.എസ് സയന്‍സ് ഫെയറില്‍ പങ്കെടുത്ത് ബാലുശ്ശേിയുടെ അഭിമാനമായി അവിടനല്ലൂര്‍ എന്‍. എന്‍. കക്കാട് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ എന്‍.നീരജും, യു.എസ് ആദിത്യനും.

ഡല്‍ഹിയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നടക്കുന്ന ദേശീയ മത്സരത്തിലാണ് ഇരുവരും പങ്കെടുത്ത് കഴിവ് തെളിയിച്ചത്.

ദേശീയ മത്സരത്തിലെ ടീം ലീഡറാണ് പ്ലസ്വണ്‍ സയന്‍സ് വിദ്യാര്‍ഥികളായ ഇരുവരും. ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അധ്യാപിക ടി.സി ഷീനയാണ് ഇരുവരുടെയും പ്രോജക്ട് ഗൈഡ്. വിവിധ സംസ്ഥാനങ്ങളിലെ ശാസ്ത്രമേളകളിലുളളവരെ പിന്‍തളളിയാണ് ആദിത്യനും നീരജും ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ദേശീയബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 16 പ്രോജക്ടുകളെയും മറികടന്ന് ഓണ്‍ലൈന്‍ പ്രസ ന്റേഷനിലൂടെയും അഭിമുഖത്തിലൂടെയുമാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ‘നെല്‍വയലുകളിലെ കീടനിയന്ത്രണത്തിന് നാടന്‍ മത്സ്യങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ കഴിഞ്ഞ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഇവര്‍ അവതരിപ്പിച്ച പ്രബന്ധം മികച്ച പ്രോജക്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇരുവരും ആറാം ക്ലാസിലും പത്തിലും ദേശീയതലത്തില്‍ സയന്‍സ് ഫെയറില്‍ മത്സരിച്ചിരുന്നു.

രണ്ട് ദിവസമായി ഡല്‍ഹിയിയില്‍ നടന്നുവരുന്ന മത്സരങ്ങളുടെ ഫലം ഇന്ന് വൈകീട്ടോടെയാണ് അറിയുക. അവിടനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്‌സ് അധ്യാപകനായ സിജുരാജിന്റെയും കെമിസ്ട്രി അധ്യാപിക ഷീന യുടെയും മകനാണ് നീരജ്. റിട്ട. എസ്‌ഐ മേയച്ചേരി ഉല്ലാസ് കുമാറിന്റെയും കുറുമ്പൊയില്‍ ദേശ സേവ എ.യു.പി സ്‌കൂള്‍ അധ്യാപിക ഷിജിയുടെയും മകനാണ് ആദിത്യന്‍.