പ്ലസ് വൺ പ്രവേശനം; കുട്ടികൾ കോഴിക്കോട് നടക്കാവ് സ്കൂളിലെ കുളത്തിൽ തന്നെ നീന്തി തെളിയിക്കണം, നൂറ് രൂപ അടയ്ക്കണം; വിചിത്ര ഉത്തരവുമായി സ്പോർട് കൗൺസിൽ, ആശങ്കയിലായി കൊയിലാണ്ടിയിലെ രക്ഷിതാക്കളും കുട്ടികളും


കൊയിലാണ്ടി: പ്ലസ് വൺ പ്രവേശനം അടുത്തിരിക്കെ സ്പോർട്സ് കൗൺസിലിന്റെ വിചിത്ര ഉത്തരവിൽ ആശങ്കയിലാണ് കൊയിലാണ്ടിയിലെ രക്ഷിതാക്കളും കുട്ടികളും. ഇത്രയും വർഷത്തെ പതിവ് രീതികളിൽ പെട്ടന്ന് മാറ്റം വരുത്തി കൊണ്ട് നീന്തൽ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സ്‌പോട്ര്‍സ് കൗണ്‍സില്‍ ചുമതലപ്പെടുത്തിയ പരിശീലകര്‍ക്കു മുമ്പാകെ പ്രാവീണ്യം തെളിയിക്കണമെന്നതാണ് പുതിയ ഉത്തരവ്. അതിനേക്കാൾ ഉപരി കൊയിലാണ്ടിയിൽ തന്നെ ആവശ്യത്തിലേറെ കുളങ്ങളും നീന്തൽ പരിശീലന കേന്ദ്രങ്ങളുമുള്ളപ്പോൾ നടക്കാവ് സ്കൂളിലെ കുളത്തിൽ തന്നെ നീന്തി തെളിയിക്കണം എന്ന കാര്യം കൊയിലാണ്ടിക്കാരെ സംബന്ധിച്ച് പ്രയാസകരമാണ്.

പുളിയഞ്ചേരി കുളം, കൊല്ലം ചിറ, പന്തലായനി കുളം, കുറുവങ്ങാട് സൗത്ത് സ്‌കൂള്‍, മരുതൂര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ സൗകര്യമുണ്ടെന്നിരിക്കെയാണ് കുട്ടികള്‍ നടക്കാവ് എത്തണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവ് വന്നിരിക്കുന്നത്. എത്തിച്ചേരാനുള്ള ബുദ്ധിമുട്ടിനു പുറമേ ഓരോ വിദ്യാര്‍ഥിയും നൂറു രൂപ ഫീസായി നല്‍കുകയും വേണം. കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്ന ഈ പ്രശ്‌നത്തിന് നഗരസഭ ഇടപെട്ട് ഉടന്‍ പരിഹാരം കാണുമെന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ.

മുന്‍വര്‍ഷങ്ങളില്‍ നഗരസഭയാണ് നീന്തല്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത് എന്നിരിക്കെ ഇത്തവണ ഇങ്ങനെയൊരു മാറ്റം കൊണ്ടുന്നതാണ് കൊയിലാണ്ടിയിലെ രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിവെവെച്ചത്.

നഗരസഭ സൗജന്യമായാണ് നീന്തല്‍ പ്രാവീണ്യം പരിശോധിക്കുകയും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമായി കോഴിക്കോട് ഈസ്റ്റ് നടക്കാവ് യു.പിസ്‌കൂളിലെ നീന്തല്‍ കുളത്തില്‍ പരിശോധനയ്ക്ക് ആയി എത്താനാണ് നിര്‍ദേശം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നൂറുരൂപ ഫീസായി ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തിയ്യതി അടുത്തിരിക്കെ ജില്ലയിലെ ഇത്രയുമധികം വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ കുറഞ്ഞ ദിവസത്തിനുള്ളില്‍ എങ്ങനെയാണ് നീന്തല്‍ പ്രാവീണ്യ പരിശോധന നടത്തുകയെന്ന സംശയവും ഉയരുന്നുണ്ട്.

അതേസമയം, സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അനുമതി പൊതുവിദ്യാഭ്യാസ മന്ത്രാലയം നഗരസഭയ്ക്ക് തന്നെ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീന്തല്‍ പ്രാവീണ്യം പരിശോധിക്കാനുള്ള ഒരുക്കങ്ങളെല്ലാം നഗരസഭ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുളിയഞ്ചേരി കുളം, കൊല്ലം ചിറ, പന്തലായനി കുളം, കുറുവങ്ങാട് സൗത്ത് സ്‌കൂള്‍, മരുതൂര്‍ എന്നിവിടങ്ങളില്‍ കുളങ്ങള്‍ കണ്ടുവെച്ചിട്ടുണ്ട്. സര്‍ക്കാറിനെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും നിജില വ്യക്തമാക്കി.

ജൂലൈ ഒന്നുമുതലാണ് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നടപടികള്‍ തുടങ്ങുന്നത്. പ്രവേശന സമയത്താണ് സര്‍ട്ടിഫിക്കറ്റ് ആവശ്യം വരിക. അതിനു മുമ്പ് തന്നെ കൊയിലാണ്ടിയിലെ വിദ്യാര്‍ഥികള്‍ക്ക് നഗരസഭയില്‍ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിജില അറിയിച്ചു.