കളഞ്ഞുകിട്ടിയ സ്വര്‍ണ്ണ ബ്രേസ്‌ലൈറ്റ് ഉടമസ്ഥയെ ഏല്‍പ്പിച്ച് മാതൃകകാട്ടി കൊയിലാണ്ടി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണ ബ്രേസ്‌ലൈറ്റ് ഉടമസ്ഥയെ ഏല്‍പ്പിച്ച് മാതൃകകാട്ടി കൊയിലാണ്ടി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍. കൊയിലാണ്ടി ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികളായ സായന്ത് രമേശ്,ഹരിനന്ദ് എന്നിവരാണ് മാതൃക കാട്ടിയിരിക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരമാണ് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഇരുവര്‍ക്കും സ്വര്‍ണ്ണ ബ്രേസ് ലൈറ്റ് ലഭിക്കുന്നത്. ഉടനെ തന്നെ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് സായന്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

തുടര്‍ന്ന് ഇന്നലെ ബ്രേസ്‌ലൈറ്റ് കാണാതായത് പരാതി നല്‍കാന്‍ ഉടമസ്ഥയായ മേപ്പയ്യൂര്‍ സ്വദേശിനി പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ബ്രേസ്‌ലൈറ്റ് തന്റെതാണെന്ന് സ്‌റ്റേഷനില്‍ നിന്ന് തിരിച്ചറിഞ്ഞതോടെ സായന്തിനെയും ഹരിനന്ദിനെയും പോലീസ് വിവരമറിയിച്ചു.

തുടര്‍ന്ന് ഇരുവരും സ്‌റ്റേഷനിലെത്തി പോലീസ് സാന്നിധ്യത്തില്‍ ബ്രേസ് ലൈറ്റ് ഉടമസ്ഥയ്ക്ക് കൈമാറുകയായിരുന്നു. എളാട്ടേരി സ്വദേശിയാണ് സായന്ത്, അണേല സ്വദേശിയാണ് ഹരിന്ദ്. ഇരുവരും കൊയിലാണ്ടി ആര്‍ട്‌സ് കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.