ബാലുശ്ശേരിയിൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ മർദ്ദനം; കേസെടുത്ത് പോലിസ്
കോഴിക്കോട്: ബാലുശ്ശേരിയിൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ മർദ്ദനം. വിദ്യാർത്ഥികളെ മർദിച്ച രക്ഷിതാക്കൾക്കെതിരെ പോലിസ് കേസെടുത്തു. ബാലുശ്ശേരി പൂവമ്പായി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്.
ഓണാഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിന്റെ തുടർച്ചയായി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ചു എന്നാരോപിച്ച് രക്ഷിതാക്കൾ സ്‌കൂളിൽ കയറി വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു.
മർദനത്തിനിരയായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. അധ്യാപകർ നോക്കി നിൽക്കെയായിരുന്നു മർദ്ദനം വിദ്യാർത്ഥികളെ രക്ഷിതാക്കൾ തെരുവിൽ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.