‘സ്‌കൂള്‍ മൈതാനം കുട്ടികള്‍ക്ക് തിരിച്ചു നല്‍കുക’; കൊയിലാണ്ടി സ്റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും


കൊയിലാണ്ടി: കൊയിലാണ്ടി സ്‌കൂള്‍ മൈതാനം കുട്ടികള്‍ക്ക് തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കൊയിലാണ്ടി ഹൈസ്‌കൂള്‍ മൈതാനിയായിരുന്ന ഇപ്പോഴത്തെ സ്റ്റേഡിയം, ഹൈസ്‌കൂളിനു വിട്ടുകിട്ടണമെന്നാണ് ആവശ്യം.

കൊയിലാണ്ടി വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് സ്റ്റേഡിയം വലംവെച്ചാണ് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചത്.

സ്റ്റേഡിയം നിര്‍മ്മിച്ചെങ്കിലും, യാതൊരു അടിസ്ഥാന സൗകര്യങ്ങളും സ്‌പോര്‍ട് കൗണ്‍സില്‍ ഇതുവരെയും ഒരുക്കിയിരുന്നില്ലെന്നും വര്‍ഷങ്ങളായി കടകളില്‍ നിന്നും ലക്ഷക്കണക്കിന് വരുമാനം കൗണ്‍സിലിന് ലഭിക്കുന്നുണ്ടെങ്കിലും ഇതുവരെ നവീകരണ പ്രവര്‍ത്തി ഒന്നും നടന്നിട്ടില്ലെന്നും അറ്റകുറ്റപണികള്‍ക്കൊന്നും പണം അനുവദിക്കാറില്ലെന്നുമാണ് ആരോപണം. ചെറിയ മഴ പെയ്താല്‍ പോലും നിലവില്‍ സ്റ്റേഡിയത്തില്‍ വെളളക്കെട്ട് അനുഭവപ്പെടാറുണ്ട്.

കൂടാതെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനുവാദമില്ലാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മൈതാനത്ത് കളിക്കാന്‍ അനുവാദമില്ലെന്നാണ് പരാതി. കരാര്‍ പ്രകാരം മൈതാനത്തിന്റെ കാലാവധി ഡിസംബര്‍ 17 ന് അവസാനിക്കാനിരിക്കെയാണ് മൈതാനം സ്‌കൂളിന് വിട്ട് നല്‍കണമെന്ന് ആവശ്യവുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്.

കൊയിലാണ്ടിയില്‍ വച്ച് നടന്ന നവകേരള സദസ്സില്‍ മൈതാനം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പിടി പരാതി നല്‍കിയതായി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സുചീന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മുന്‍ എം.എല്‍.എ കെ.ദാസന്‍ മനുഷ്യചങ്ങലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എന്‍.വി പ്രദീപന്‍, വി എച്ച്.എ.സി. പ്രിന്‍സിപ്പാള്‍ ബിജേഷ ഉപ്പാലക്കല്‍, എച്ച്.എം.ഇന്‍ ചാര്‍ജ്.ടി ഷജിത, യു.കെ.ചന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, സി. ജയരാജ്, പി.സുധീര്‍, ജയരാജ് പണിക്കര്‍, എ,സജീവ് കുമാര്‍, ബിന്‍സി, ഹരീഷ്,പ്രവീണ്‍, എന്‍.വി. വല്‍സന്‍ മാസ്റ്റര്‍, വി.എം. രാമചന്ദ്രന്‍, കെ. പ്രദീപ്, ഉണ്ണികൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. [mid5]