തിക്കോടിയിലെ തെരുവുനായ ആക്രണം; നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു


തിക്കോടി: തിക്കോടിയില്‍ തെരുവുനായ ആക്രമിച്ച സംഭവത്തില്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വയനാട് പൂക്കോട് വെറ്റിനറി ആശുപത്രിയില്‍ നിന്നും വന്ന റിപ്പോര്‍ട്ടിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് കൗണ്‍സിലര്‍ വിബിത ബൈജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇന്നലെ രാവിലെ തിക്കോടി കോഴിപ്പുറം ബസ് സ്റ്റോപ്പിന് പരിസരത്ത് വെച്ചായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
കടിയേറ്റ അധിക പേരും ഇന്നലെ തന്നെ ചികിത്സ തേടിയിരുന്നെന്നും പേവിഷബാധ സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിനെയും മറ്റും അറിയിച്ചിട്ടുണ്ടെന്നും കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്ത് നായ ശല്യം രൂക്ഷമായതിനെ സംബന്ധിച്ച് പരിഹാര നടപടികള്‍ക്കായി നാളെ യോഗം ചേരുന്നുണ്ടെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

കുറ്റിയില്‍ റീന, വള്ളിയത്ത് അവിനാഷ്, മൊയ്യോത്ത് ശാന്ത, പ്രീത മൊയ്യോത്ത്, കേളോത്ത് കീര്‍ത്തന എന്നിവര്‍ക്കാണ് കടിയേറ്റത്. മൊയ്യോത്ത് ശാന്തയുടെ വീട്ടിലെ പശുവിനെയും നായ ആക്രമിച്ചിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ശാന്ത ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ എല്ലാവരേയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ നായയെ നാട്ടുകാര്‍ അടിച്ചുകൊന്നിരുന്നു.