പെരുവട്ടൂരില്‍ തെരുവുനായകള്‍ വിലസുന്നു; രണ്ട് പേര്‍ക്ക് കടിയേറ്റു, പേടിയില്‍ പ്രദേശവാസികള്‍


കൊയിലാണ്ടി: നഗരസഭയിലെ അറുവയല്‍ ഡിവിഷനില്‍ പെരുവട്ടൂരില്‍ തെരുവുനായ അക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നമ്പ്രത്ത് കുറ്റി ഷീബ, ആയിപ്പനംകുനി സത്യൻ എന്നിവരെയാണ് നായ കടിച്ചത്. രാവിലെ 7മണിയോടെ നടക്കാനിറങ്ങിയപ്പോഴാണ് സത്യനെ നായ അക്രമിച്ചത്. കാലിന് പരിക്കേറ്റ സത്യന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

രാവിലെ 9മണിയോടെ വീടിന് സമീപത്തെ കടയില്‍ പോയി വരുമ്പോഴാണ് ഷീബയ്ക്ക് കടിയേറ്റത്. കൈക്ക് പരിക്കേറ്റ ഷീബ കൊയിലാണ്ടി താലൂക്ക് ആശുത്രിയില്‍ ചികിത്സ തേടി. പെരുവട്ടൂരില്‍ അടുത്തിടെ നിരവധി പേര്‍ക്ക് തെരുവുനായ അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം 20ന് ആശാവര്‍ക്കര്‍ക്കും വിദ്യാര്‍ത്ഥിനിയ്ക്കും പരിക്കേറ്റിരുന്നു.

നവംബറില്‍ അറുവയലില്‍ പന്ത്രണ്ട് വയസുകാരനടക്കം മൂന്ന് പേര്‍ക്കാണ് തെരുവുനായ അക്രമണത്തില്‍ പരിക്കേറ്റത്. ഇടവേളയ്ക്ക് ശേഷം വീണ്ടും തെരുവുനായ അക്രമണം തുടങ്ങിയതോടെ പ്രദേശവാസികള്‍ പേടിയിലാണ്. തെരുവുനായ വിഷയത്തില്‍ നഗരസഭയില്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതുവരെ പ്രശ്‌നത്തിന് പരിഹാരമായില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ സുധ സി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Description: Stray dogs haunt Peruvattur; Two people were injured and the locals were scared