പെരുവട്ടൂര്‍ അറുവയലില്‍ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; മൂന്ന് ദിവസത്തിനിടെ കടിയേറ്റത് നാല് പേര്‍ക്ക്, വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയെന്ന് നാട്ടുകാര്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 18 ആം വാര്‍ഡ് അറുവയലില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനിടെ ചെറിയകുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ ഒരാള്‍ക്ക് കടിയേറ്റിട്ടുണ്ട്. വീട്ട്മുറ്റത്ത് നില്‍ക്കുകയായിരുന്ന കണ്ടീകുനിയില് രാജേഷിനെ നായ ഓടി വന്ന് കടിക്കുകയായിരുന്നു. കൈയ്ക്കാണ് കടിയേറ്റത്.
ഇന്നലെ പെരുവട്ടൂര്‍ കാഞ്ഞിരക്കണ്ടി രമേശന്(52), ഹരിനന്ദ് (12) സുനില്‍കുമാര്‍ തയ്യുള്ളതില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ തെരുവുനായ വന്ന് ഹരിനന്ദിന്റെ കാലിന് കടിക്കുകയായിരുന്നു. അക്രമണത്തിന് പിന്നാലെ ഹരിനന്ദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
ഓട്ടോഡ്രൈവറായ രമേശന് ഇന്നലെ രാവിലെയോടെ യാത്രക്കാരെ ഇറക്കി അവരെ കാത്തുനില്‍ക്കുന്നതിനിടെയാണ് അക്രമണം ഉണ്ടായത്. കാലിന് പരിക്കേറ്റ ഇയാളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇന്നലെ വീടിന് സമീപത്ത് വച്ചാണ് സുനില്‍കുമാറിന് നേരെ അക്രമണമുണ്ടായത്. കാലിന് പരിക്കേറ്റ ഇയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ചികിത്സ തേടി.
വാര്‍ഡില്‍ കൂട്ടം കൂട്ടമായി തെരുവുനായകള്‍ വിലസുന്നുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ സുധ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാല്‍ നാല് പേരെയും കടിച്ചത് ഒരേ നായയെന്നാണ് സംശയം. നാട്ടുകാര്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടെന്നും കുടുംബശ്രീ സി.ഡി.എസ് ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.