കുറുവങ്ങാട് തെരുവുനായയുടെ ആക്രമണം; ഏഴ് വയസുള്ള കുട്ടിയുൾപ്പെടെ നാല് പേർക്ക് കടിയേറ്റു


കൊയിലാണ്ടി: കുറുവങ്ങാട് തെരുവുനായയുടെ കടിയേറ്റ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്. ചന്ദ്രിക, രവീന്ദ്രൻ, അനൂപ്, ഏഴ് വയസുകാരൻ പാർത്ഥിവ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12- മണിയോടെ കുറുവങ്ങാട് മാവിൻ ചുവട് പരിസരത്തുവെച്ചാണ് ഇവർക്ക് നായയുടെ കടിയേറ്റത്.

നായയുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് പേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

കഴിഞ്ഞ ദിവസം മൂരാട്, പെരിങ്ങാട് പ്രദേശങ്ങളില്‍ തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. എട്ട് വയസുകാരിയടക്കം നാല് പേരെയാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. ഇവരെ ആക്രമിച്ച നായയ്ക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രദേശവാസികൾ ആകെ ആശങ്കയിലാണ്.