”ട്രെയിനില്‍ ആരോ കൊല്ലാന്‍ ശ്രമിക്കുന്നെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി, രാത്രി സ്റ്റേഷനില്‍ കഴിയണമെന്ന് നിര്‍ബന്ധം പിടിച്ചു, ഒടുക്കം സ്വയം പരിക്കേല്‍പ്പിച്ചു”; ആശുപത്രി അക്രമിച്ച സംഭവത്തിലെ പ്രതി കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കാട്ടിക്കൂട്ടിയത്


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡ്രസിങ് റൂം ആക്രമിച്ചയാള്‍ സ്റ്റേഷനിലെത്തിയത് തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി. ഇന്നലെ രാത്രിയോടെ ട്രെയിനില്‍വെച്ച് തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നെന്നും അതുകൊണ്ട് ഇവിടെ ഇറങ്ങിയതാണെന്നും പറഞ്ഞാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്. കുറച്ചുസമയം കഴിഞ്ഞപ്പോള്‍, ബസില്‍ പോകാമെന്നും പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നും പൊലീസുകാര്‍ പറഞ്ഞു. ഇതോടെ ഇയാള്‍ സ്‌റ്റേഷനില്‍ നിന്നിറങ്ങി.

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തിരിച്ച് സ്റ്റേഷനിലെത്തുകയും ഫോണില്‍ ചാര്‍ജില്ല, അതിനാല്‍ ഇന്ന് പോകുന്നില്ല, ഇവിടെ തങ്ങുകയാണെന്ന് പറഞ്ഞു. സ്റ്റേഷനില്‍ അങ്ങനെ തങ്ങാന്‍ പറ്റില്ലെന്നും വേണമെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനമുണ്ടാക്കാമെന്നും പൊലീസ് അറിയിച്ചു. ഫോണ്‍ ചാര്‍ജ് ചെയ്തശേഷം ഇയാള്‍ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങി പൊടുന്നനെ തന്നെ തിരിച്ചെത്തി സ്റ്റേഷനിലെ ഗ്രില്‍സില്‍ തല ശക്തിയായി അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടനെ പൊലീസുകാര്‍ ഇയാളെ പിടിച്ചുമാറ്റി ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്.

ആശുപത്രിയില്‍വെച്ച് മുറിവില്‍ ഡ്രസ് ചെയ്യുന്നതിനിടെ ഇയാള്‍ ഡ്രസിങ് റൂമിന്റെ ചില്ല് തകര്‍ത്ത് ചില്ല് കഷ്ണമെടുത്ത് സ്വയം കഴുത്തറക്കാന്‍ ശ്രമിച്ചതോടെ കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ ഗ്ലാസ് കഷ്ണം പിടിച്ചുമാറ്റുകയും ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ ഇയാളെ കീഴടക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാരന്റെ കൈക്ക് മുറിവ് പറ്റിയിട്ടുണ്ട്.

കണ്ണൂര്‍ ചാല സ്വദേശിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് കൊയിലാണ്ടി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.