തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തിവെക്കുക; പ്രതിഷേധം ശക്തമാകുന്നു, സിപിഎമ്മിന്റെ അനിശ്ചിതകാല റിലേ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്
കീഴരിയൂര്‍: തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് തങ്കമലയില്‍ നടക്കുന്ന അനിശ്ചിതകാല റിലേ നിരാഹാരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി ബാബുരാജ്. സിപിഎം പയ്യോളി ഏരിയാ സെക്രട്ടറി എം.പി ഷിബു, ഏരിയാ കമ്മിറ്റി അംഗം കെ.ജീവാനന്ദൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.അഭിനീഷ് എന്നിവർക്കൊപ്പം സമരവേദിയിലെത്തിയ അദ്ദേഹം സമരവളണ്ടിയർമാരുമായി ഏറെ നേരം സംസാരിച്ചു.
അഞ്ചാം ദിവസമായ ഇന്ന് എം.എം രവീന്ദ്രൻ, വിധുല വി.എം, ലീന പുതിയോട്ടിൽ, ഷീബ എം.ടി, രജിന ശശികുമാർ വി.കെ, അനുപമ കെ.കെ എന്നിവരാണ് രാവിലെ 8മണി മുതല്‍ വൈകുന്നേരം 7മണിവരെ ഉപവാസമിരുന്നത്. ഷാജി ഐ, ഷിജു പി.എം, ദിനീഷ് ഇ.ടി, റോഷൻ വി.എം, കുഞ്ഞിമൊയ്‌തീൻ, സാജിദ് കെ.ടി എന്നിവരാണ് ഇന്ന് രാത്രി 7മണി മുതല്‍ രാവിലെ 8 മണിവരെ ഉപവാസമിരിക്കുക.
സി.പി.എം കീഴരിയൂര്‍, തുറയൂര്‍, ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് തങ്കമലയില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടക്കുന്നത്. മൂന്ന് ലോക്കലുകളിലെയും രണ്ടുപേര്‍ വീതം ആറുപേരാണ് ഓരോദിവസവും സമരരംഗത്തുണ്ടാവുക. കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് തങ്കമല ക്വാറിയില്‍ ഖനനം നടക്കുന്നത്. മഴക്കാലത്ത് ക്വാറിയുടെ താഴ്വാരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ക്വാറിയുടെ സമീപത്തെ വീടുകളിലെ കിണറുകള്‍ ഖനനം കാരണം മലിനമാകുകയും രാത്രിയിലും ഖനനം തുടരുന്നതിനാല്‍ കുട്ടികളുടെ പഠനത്തെ പോലും സാരമായി ബാധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.