തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തിവെക്കുക; സിപിഎമ്മിന്റെ അനിശ്ചിതകാല റിലേ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്
കീഴരിയൂര്‍: തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് തങ്കമലയില്‍ നടക്കുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. സി.പി.എം കീഴരിയൂര്‍, തുറയൂര്‍, ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് തങ്കമലയില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടക്കുന്നത്.
സിപിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം പി.കെ ബാബു, തുറയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അബ്ദുറഹിമാന്‍, മണ്ണാടി ബ്രാഞ്ച് അംഗം ലെനിന്‍സ്, പാര്‍ട്ടി അംഗങ്ങളായ രജനി, പ്രീതി, ജ്യോസ്‌ന എന്നിവരാണ് ഇന്ന് സമരരംഗത്തുള്ളത്. സമരത്തിന് ഐക്യക്യദാര്‍ഢ്യം അറിയിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം എന്‍.പി ഷിബു കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍ മാഷ്, കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ കെ.ഷിജുമാഷ് എന്നിവര്‍ സമരപന്തലില്‍ എത്തിയിരുന്നു.
മൂന്ന് ലോക്കലുകളിലെയും രണ്ടുപേര്‍ വീതം ആറുപേരാണ് ഓരോദിവസവും സമരരംഗത്തുണ്ടാവുക. കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് തങ്കമല ക്വാറിയില്‍ ഖനനം നടക്കുന്നത്. മഴക്കാലത്ത് ക്വാറിയുടെ താഴ്വാരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ക്വാറിയുടെ സമീപത്തെ വീടുകളിലെ കിണറുകള്‍ ഖനനം കാരണം മലിനമാകുകയും രാത്രിയിലും ഖനനം തുടരുന്നതിനാല്‍ കുട്ടികളുടെ പഠനത്തെ പോലും സാരമായി ബാധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.