ചൂളം വിളിച്ച് ഷൊർണൂർ – കണ്ണൂർ മെമു എത്തി, ആരതി ഉഴിഞ്ഞ് മാലയിട്ട സ്വീകരണം; ചേമഞ്ചേരിയിൽ മൂന്നു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്ന് മുതൽ വീണ്ടും തീവണ്ടി കയറി തുടങ്ങാം


കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ കോവിഡ് ഇടവേളക്ക് ശേഷം തീവണ്ടിയുടെ ചൂളം വിളി ഉയർന്നു.വർഷങ്ങൾക്ക് ശേഷമാണ് ഇന്നു രാവിലെ ചേമഞ്ചേരിയുടെ റെയിലിൽ വാഹനം നിർത്തിയത്. ഷൊർണൂർ, കണ്ണൂർ മെമു ആണ് ഇന്ന് ആദ്യമായി നിർത്തിയത്. മാലയിട്ട ആഘോഷപൂർവ്വമായിരുന്നു സ്വീകരണം. മധുര പലഹാരങ്ങൾ വിതരണം, മാല ചാർത്തിയും, ആരതി ഉയിഞ്ഞും ചെയ്തു കൊണ്ട് നാട്ടുകാർ സ്വീകരണപരിപാടികൾ ഗംഭീരമാക്കി.

പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പഞ്ചായത്ത് മെംബർ കുന്നുമ്മൽ മനോജ്, കെ.ഗീതാനന്ദൻ, വി.വി.മോഹനൻ, അവിണേരി ശങ്കരൻ ,ഉണ്ണികൃഷ്ണണൻ തിരുളി, കെ.ബിനോയ്, കുഞ്ഞിരാമൻ വയലാട്ട്, രാധൻ അരോമ ,മനോജ്, ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ.ജയ്കി ഷ്, അഭിൻ അശോക്, വിനോദ് കാപ്പാട്, എൻ.കെ.അനിൽകുമാർ, സജീവൻ പൂക്കാട്, തുടങ്ങിയവരും പങ്കെടുത്തു.

6023 ഷൊർണ്ണൂർ – കണ്ണൂർ മെമു, 6481 കോഴിക്കോട് – കണ്ണൂർ പാസഞ്ചർ, 6450 കണ്ണൂർ – ഷൊർണ്ണൂർ എക്സ്പ്രസ്സ്,6024, കണ്ണൂർ മെമു തുടങ്ങിയ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് പുനസ്ഥാപിച്ചത്.

കോവിഡ് കാലത്ത് ആണ് നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്ന ചേമഞ്ചേരി സ്റ്റേഷന് പൂട്ട് വീണത്. യാത്രകൾ സാധാരണ ഗതിയിലായതോടെ വീണ്ടും ട്രെയിൻ യാത്ര ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് തള്ളി പോവുകയായിരുന്നു, ഒടുവിൽ നിവേദനങ്ങൾക്കും പ്രതിഷേധങ്ങൾക്കും തുടര്‍ന്ന് നിര്‍ത്തലാക്കിയ എല്ലാ ട്രെയിനുകള്‍ക്കും ഒക്‌ടോബര്‍ പത്ത് മുതല്‍ ചേമഞ്ചേരി ഹാള്‍ട്ട് സ്റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ച് തീരുമാനമാവുകയായിരുന്നു.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന്‍റെ ഓര്‍മകളുറങ്ങുന്ന സ്റ്റേഷനായതിനാൽ തന്നെ നാട്ടുകാർക്ക് ഏറെ വൈകാരികമായ അടുപ്പവും സ്റ്റേഷനോട് ഉണ്ട്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കാട് മൂടികിടന്നിരുന്ന സ്റ്റേഷൻ പരിസരം കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരിച്ചിരുന്നു.