യാത്രക്കാരുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് അല്പം ഫലമുണ്ടായി; ചേമഞ്ചേരി, വെള്ളറക്കാട് സ്റ്റേഷനുകളില്‍ കണ്ണൂര്‍-ഷൊര്‍ണൂര്‍ ട്രെയിന്‍ നിര്‍ത്തും
കൊയിലാണ്ടി: യാത്രക്കാരുടെ നിരന്തരമായ സമ്മര്‍ദ്ദം ഭാഗികമായി ഫലം കണ്ടു. ചേമഞ്ചേരി, വെള്ളക്കറക്കാട് സ്റ്റേഷനുകളില്‍ തീവണ്ടി നിര്‍ത്താനുള്ള നടപടികള്‍ തുടങ്ങി.
ആദ്യഘട്ടത്തില്‍ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക് പോകുന്ന 06456 നമ്പര്‍ ട്രെയിന്‍ ജൂലൈ നാലുമുതല്‍ ഈ സ്റ്റേഷനുകളില്‍ നിര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് 3.10ന് യാത്ര പുറപ്പെടുന്ന വണ്ടി വൈകുന്നേരം 4.29ന് വെള്ളറക്കാട് സ്റ്റേഷനിലും 4.35ന് കൊയിലാണ്ടി സ്റ്റേഷനിലും 4.42ന് ചേമഞ്ചേരി സ്റ്റേഷനിലും നിര്‍ത്തും.
കണ്ണൂര്‍-കോയമ്പത്തൂര്‍, മംഗലാപുരം കോയമ്പത്തൂര്‍, തൃശൂര്‍-കണ്ണൂര്‍, കോഴിക്കോട്- കണ്ണൂര്‍ എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ നേരത്തെ ചേമഞ്ചേരി, വെള്ളറക്കാട് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഈ ട്രെയിനുകളെല്ലാം നിര്‍ത്തലാക്കിയത്.
ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ടിക്കറ്റ് വില്‍പ്പന ഏജന്റുമാരെ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ യാത്രക്കാര്‍ക്ക് പ്രയോജനമുള്ളൂ. ഇതിനുള്ള ശ്രമം റെയില്‍വേ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ടിക്കറ്റ് വില്‍ക്കുന്ന സ്‌റ്റേഷനുകളാണിവ.
ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി, ഉള്ള്യേരി പഞ്ചായത്തുകളിലെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ ഏറെയുണ്ടായിരുന്ന ഇടം. നേരത്തെ സ്റ്റോപ്പുണ്ടായിരുന്ന ട്രെയിനുകള്‍ക്കു കൂടി ഉടന്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരിലേറെയും.