’പുലര്‍ച്ചെ വീട്ടിലേക്ക് പോകാന്‍ വാഹനം കിട്ടിയില്ല’; കുന്നംകുളത്തുനിന്ന് കാണാതായ ബസ് ഗുരുവായൂരില്‍, മുൻ ഡ്രൈവർ പിടിയിൽ


കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ഗുരുവായൂര്‍ മേല്‍പ്പാലത്തിന് കീഴില്‍ ഉപേക്ഷിച്ച നിലയിലാണ് ബസ് കണ്ടെത്തിയത്. ബസിന്റെ പഴയ ഡ്രൈവര്‍ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്.

അതേസമയം, രാത്രിയില്‍ മറ്റ് യാത്രാ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ നിന്നാണ് ബസ് മോഷണം പോയത്. കുന്നംകുളം ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. പുലര്‍ച്ചെ ബസ് ഉടമ ഷോണി പുതിയ ബസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ് എടുക്കാന്‍ എത്തിയപ്പോഴാണ് ബസ് മോഷണം പോയതായി മനസിലാവുന്നത്. തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.

ഇന്ന് പുലര്‍ച്ചെ 4.10 നാണ് ബസ് മോഷണം പോയത്. 4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍പിലെ സി സി ടി വി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍ മേഖലയിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പഴയ ഡ്രൈവര്‍ തന്നെ പിടിയിലാവുന്നത്.