കൊറോണ സകല പ്രതീക്ഷയും തകര്‍ത്തു, കരകയറാന്‍ തുടങ്ങുമ്പോള്‍ ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പും; പിടിച്ചുനില്‍ക്കാനാവാതെ തിരിച്ചുവണ്ടികയറുകയാണ് പൂക്കാട്ടെ പ്രതിമ വിറ്റിരുന്ന കുടുംബങ്ങള്‍
പി.എസ്.കുമാർ കൊയിലാണ്ടി
കൊയിലാണ്ടി: വര്‍ണ്ണങ്ങളുടെ ലോകത്തു നിന്നും പ്രതീക്ഷകളുടെ വണ്ടിയേറിയാണ് പ്രതിമ നിര്‍മ്മാതാക്കളായ കുടുംബങ്ങള്‍ കൊയിലാണ്ടിയിലെത്തിയത്. പൂക്കാട് അവരെ നിരാശപെടുത്തിയതുമില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കോവിഡും ദേശീയപാത വികസനവും അവരുടെ ജീവിതവര്ണ്ണത്തിന് മങ്ങലേല്‍പ്പിച്ചു. ഒടുവില്‍ നാടുവിടാനൊരുങ്ങുകയാണ് പ്രതിമ കുടുംബങ്ങള്‍. ചേമഞ്ചേരി പൂക്കാട് ദേശീയ പാതയോരത്ത് വര്‍ഷങ്ങളായി തമ്പടിച്ച് പ്രതിമകള്‍ വിറ്റുവന്നിരുന്ന കുടുംബങ്ങളാണ് തിരികെ പോകാനൊരുങ്ങുന്നത്.
ഇരുപതിലധികം വര്‍ഷങ്ങളായി പൂക്കാടിന്റെ മനോഹരമായ കണിയായിരുന്നു ഇവര്‍. പ്ലാസ്റ്ററൊഫ്പാരിസില് നിന്നും കല്ലില്‍ നിന്നും എല്ലാം അതിമനോഹരമായ ശില്പങ്ങളായിരുന്നു ഇവര്‍ മെനഞ്ഞെടുത്തിരുന്നത്. വില തുച്ഛം, നയന മനോഹരമെന്നതിനാല് കൊയിലാണ്ടിയില്‍ ഈ പ്രതിമകളുടെ ആവശ്യക്കാരുമേറെയായിരുന്നു. ആദ്യം വെങ്ങളത്തായിരുന്നു ഇവര്‍ തമ്പടിച്ചിരുന്നത്. പിന്നീട് പൂക്കാട് ദേശീയപാതയോരത്തേക്ക് മാറുകയായിരുന്നു.
വഴിയോരത്ത് നിരനിരയായി പ്രതിമകള്‍ വച്ചിരിക്കുന്നത് കണ്ട് നിരവധിയാളുകള്‍ വാങ്ങാനെത്തുമായിരുന്നു. എന്നാല്‍ ദേശിയ പാത വികസനം വല്ലാത്തൊരു തിരിച്ചടിയായി. സ്ഥലം നഷ്ട്ടപെടുമെന്നായതോടെ ഇവരുടെ ഉപജീവനനതന്നെ ചോദ്യചിഹ്നമാവുകയായിരുന്നു. തുടര്‍ന്ന് ഇതിലെ രണ്ടു കുടുംബങ്ങള്‍ തിരികെ രാജസ്ഥാനിലേക്ക് പോയി. ദേശീയ പാത വികാസത്തിനായി ഇവരുടെ കൂരയും പൊളിച്ചു മാറ്റണം. ഇപ്പോള്‍ രണ്ട് കുടുംബങ്ങള്‍ മാത്രമേ ഇവിടെയുള്ളു. ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസമെല്ലാം തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറിയിലായിരുന്നു.
വിഷുക്കണി വെക്കാന്‍ ഒഴിച്ചുകൂടാനാവാത്ത ശ്രീകൃഷ്ണന്റെ പ്രതിമയാണ് ഇപ്പോഴത്തെ സ്റ്റാര്‍. ശ്രീകൃഷ്ണ പ്രതിമകള്‍ക്ക് ആവശ്യം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും മഴയാണ് ഇപ്പോഴത്തെ വില്ലന്‍. മഴ മൂലം വഴിയോര കച്ചവടം അടച്ചിടേണ്ട അവസ്ഥയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോറോണ മഹാമാരി ഇവരെയും പ്രതികൂലമായി ബാധിച്ചിരുന്നു. തിരികെ പച്ചപിടിച്ചു വന്നു തുടങ്ങിയപ്പോഴാണ് ദേശീയ പാത വികസനവും മഴയും എത്തിയത്. നല്ലൊരു സ്ഥലം ലഭിക്കുകയാണെങ്കില്‍ കൊയിലാണ്ടിയുടെ ഭാഗമായി തന്നെ തുടരാനാണ് ഇവരുടെ ആഗ്രഹം.