നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട്: നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. കേരള വര്‍മ്മ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍.ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മാര്‍ച്ചില്‍ പൊലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായും ആക്ഷേപമുണ്ട്.
മന്ത്രിയുടെ വഴുതക്കാട്ടെ വസതിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച സംഘര്‍ഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കെ.എസ്.യുവിന്റെ ആറ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്. തിരുവനന്തപുരത്തെ പാളയം-ബേക്കറി ജങ്ഷന്‍ പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.
കെ.എസ്.യു നേതാവ് അഭിജിത്തിനെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചുവെന്നും അകാരണമായി കസ്റ്റഡിയില്‍ എടുത്തുവെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.