അപകടങ്ങള്‍ സംഭവിച്ചതുകൊണ്ടും ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതുകൊണ്ടും പഠിച്ചില്ല; കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ സുരക്ഷാ വീഴ്ചകള്‍ തുടരുന്നു
ഉള്ള്യേരി: നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വീണ്ടും പരാതിയുയരുന്നു. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പഴയ ടാറിങ്ങിന്റെ അവശിഷ്ടങ്ങളും മറ്റും പലയിടങ്ങളിലായി റോഡരികില്‍ തന്നെ കൂട്ടിയിടുന്ന അവസ്ഥയാണ്. മുറിച്ചുമാറ്റുന്ന മരത്തടികളും റോഡരികില്‍ അലക്ഷ്യമായി കൊണ്ടിരുന്നത് അപകടഭീഷണി വര്‍ധിപ്പിക്കുന്നുണ്ട്.
മുണ്ടോത്ത് പള്ളിക്കു സമീപത്തെ വളവില്‍ ടിപ്പര്‍ ലോറിയില്‍ കൂറ്റന്‍ മരത്തടി കൊണ്ടിട്ടത് റോഡിലേക്ക് തള്ളിനില്‍ക്കുന്ന നിലയിലാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്.
റോഡ് വികസനവുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കപ്പെടുന്നില്ലെന്ന പരാതി നേരത്തെ തന്നെ ശക്തമാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ക്കും ഇത് കാരണമായിട്ടുണ്ട്. ഓവുചാല്‍ നിര്‍മാണത്തിനായി റോഡിനു കുറുകെ കീറിയ കിടങ്ങില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതരമായ പരിക്കേറ്റ സംഭവമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. കരാര്‍ കമ്പനിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അനാസ്ഥ ഇനിയൊരു അപകടത്തിന് വഴിവെക്കരുത് എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.