താലപ്പൊലിയേന്തിയ ഗോപികമാർ, വാദ്യഘോഷങ്ങളും നാമജഭ കീർത്തനങ്ങളും മുഖരിതമായ അന്തരീക്ഷം, നിറഞ്ഞാടി ഉണ്ണിക്കണ്ണൻമാർ; കൊയിലാണ്ടിയെ അമ്പാടിയാക്കി ശ്രീകൃഷ്ണ ശോഭായാത്ര
കൊയിലാണ്ടി: അഷ്ടമി രോഹിണി ദിനത്തില്‍ കൊയിലാണ്ടിയില്‍ നിറഞ്ഞാടി ഉണ്ണിക്കണ്ണമ്മാരും ഗോപികമാരും. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി കുഞ്ഞുകുട്ടികളും വലിയവരും അടങ്ങുന്ന വലിയ സംഘത്തെയാണ് കൊയിലാണ്ടിയില്‍ കാണാന്‍ കഴിഞ്ഞത്. കാളിയ മര്‍ദ്ദനം, ഗജേന്ദ്രേ മോക്ഷം, സാന്ദീപിനിയുടെ ഗുരുകുലം, കാകാസുര മോക്ഷം, കംസവധം, കാളിയ മര്‍ദ്ദനം, പൂതനാ മോക്ഷം തുടങ്ങി നിരവധി വേഷങ്ങളാണ് ശോഭായാത്രകളില്‍ തിളങ്ങിയത്.
താലപ്പൊലിയേന്തിയ ഗോപികമാരും വാദ്യഘോഷങ്ങള്‍, നാമ സങ്കീര്‍ത്തനങ്ങള്‍, ഭജന സംഘങ്ങള്‍ തുടങ്ങിയ ശോഭായാത്രകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തി പ്രധാന കേന്ദ്രങ്ങളില്‍ സംഗമിച്ച് മഹാശോഭയാത്രയായി നഗര പ്രദക്ഷിണം ചെയ്തു. കൊയിലാണ്ടി ടൗണിന് തെക്ക് ഭാഗത്ത് കൊരയങ്ങാട് വെച്ച് ശോഭായാത്ര സംഗമിച്ചു.
ആന്തട്ട ശ്രീരാമകൃഷ്ണ മഠം, കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രപരിസരം, വലിയ മങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്രപരിസരം, ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാദേവി ക്ഷേത്ര പരിസരം, ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രപരിസരം, വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്രപരിസരം, ഏഴു കുടിക്കല്‍ കുടുംബാഭഗവതി ക്ഷേത്ര പരിസരം,കുറുവങ്ങാട് ശിവക്ഷേത്രപരിസരം, കൊല്ലം വേദവ്യാസ വിദ്യാലയം, മനയടത്ത് പറമ്പില്‍ അന്ന പൂര്‍ണേശ്വരി ക്ഷേത്രപരിസരം, മണമല്‍ നിത്യാനന്ദ ആശ്രമം, കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ക്ഷേത്രപരിസരം, പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രപരിസരം എന്നിടങ്ങളില്‍ നിന്നുമാണ് ശോഭയാത്രകള്‍ ആരംഭിച്ചത്. കൊയിലാണ്ടി ടൗണിന് തെക്ക് ഭാഗത്ത് കൊരയങ്ങാട് വെച്ച് ശോഭായാത്ര സംഗമിച്ചു.
ചിത്രങ്ങള്‍: ബൈജു എംപീസ്