കാത്തിരിപ്പിന് വിരാമം; ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഇനി ഉര്‍ദു ഡിഗ്രി കോഴ്സും
കൊയിലാണ്ടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഉര്‍ദു ഡിഗ്രി കോഴ്സ് അനുവദിച്ചു. 2024 അദ്ധ്യയന വര്‍ഷം മുതല്‍ ഉര്‍ദു നാലു വര്‍ഷ ബിരുദ കോഴ്സ് അനുവദിച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കി.
കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, ടി.പി രാമകൃഷ്ണന്‍ എന്നിവരുടെ ഇടപെടലിന്റെ ഭാഗമായാണ് നടപടി. 1995 മുതല്‍ സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ആരംഭിച്ചതു മുതല്‍ യൂണിവേഴ്സിറ്റിയുടെ ഉര്‍ദു പഠന വകുപ്പ് പ്രാദേശിക കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്. എന്നാല്‍ ഇവിടെ ഉര്‍ദുവിന് ഡിഗ്രി കോഴ്സില്ലെന്ന കാരണത്താല്‍ നിരവധി ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ ഉര്‍ദു പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് പ്രശ്നം നേരിടുകയായിരുന്നു.
എം.എല്‍.എ മാരുടെ ഇടപെടല്‍ കാരണം കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഹയര്‍ സെക്കണ്ടറിയില്‍ ഉര്‍ദു ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനുള്ള വലിയ സാധ്യതയാണ് കോഴ്സ് ആരംഭിക്കുന്നതിലൂടെ ലഭിക്കുന്നത്. ഉര്‍ദു ഡിപ്പാര്‍ട്ട്മെന്റ് കൊയിലാണ്ടി കേന്ദ്രത്തില്‍ അനുവദിക്കാന്‍ പരിശ്രമിച്ച അധികൃതരെ ഉര്‍ദു ഡെവലപ്പ്മെന്റ് കമ്മിറ്റി ഭാരവാഹികള്‍ നന്ദി അറിയിച്ചു.