ശ്രീനാരായണ ഭജനമഠം ഗവ. യു.പി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുക; പയ്യോളിയില്‍ മൂവായിരത്തോളം പേര്‍ പങ്കെടുക്കുന്ന ജനകീയ കണ്‍വെന്‍ഷന്‍
പയ്യോളി: പയ്യോളി ശ്രീനാരായണ ഭജനമഠം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി മാറ്റണമെന്നാവശ്യവുമായി ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 26ന് ഞായറായ്ച സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ മൂവായിരത്തോളം പേര്‍ പങ്കെടുക്കും. എംഎല്‍എ കാനത്തില്‍ ജമീല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
പയ്യോളിയിലെ തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ഏറെ ആശ്രയിക്കുന്ന സ്‌കൂളാണിത്. ഉപരിപഠനം നടത്തുന്നതിനായി ഇവിടെ നിന്ന് പയ്യോളി ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു വിദ്യാര്‍ത്ഥികള്‍ പോയി കൊണ്ടിരുന്നത്. എന്നാല്‍ അതിവേഗ റെയില്‍ കൂടി വരുന്നതോട് കൂടി നാല് റെയില്‍ പാളങ്ങളും 45 മീറ്റര്‍ വീതിയുള്ള നാഷണല്‍ ഹൈവേയും കടന്നു വേണം വിദ്യാര്‍ത്ഥികള്‍ക്ക് പയ്യോളി സ്‌കൂളില്‍ എത്തിച്ചേരുവാന്‍.
പയ്യോളി സ്‌കൂളിനു പുറമെ ഏറെ ദൂരയുള്ള വന്‍മുഖം ഹൈസ്‌കൂളും കോട്ടക്കല്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുമാണ് വിദ്യാര്‍ത്ഥികളുടെ മറ്റൊരു ആശ്രയം. എന്നാല്‍ ഈ രണ്ട് സ്‌കൂളുകളിലേക്ക് കിലോമീറ്ററോളം ദൂരം സഞ്ചരിക്കണം. നേരത്തെ വിദ്യാഭ്യാസ വകുപ്പിനടക്കം സ്‌കൂള്‍ അധികൃതര്‍ നിവേദനം അയച്ചിരുന്നുവെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല.
പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍
സ്‌കൂള്‍ പി.ടി.എ ഭാരവാഹികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.