”ഇനിയും ഈ മാലിന്യത്തിടയില്‍ ജീവിക്കാനാവില്ല”; നന്തി ശ്രീശൈലം കുന്നിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമാവശ്യപ്പെട്ട് വാഗാഡ് ഓഫീസിന് മുമ്പില്‍ ഉപരോധവുമായി പ്രദേശവാസികള്‍


നന്തി ബസാര്‍: ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയായ വാഗാഡിന്റെ ലേബര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന നന്തി ശ്രീശൈലം കുന്നിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് നന്തിയിലെ വാഗാഡിന്റെ ഓഫീസ് ഉപരോധിച്ച് പ്രദേശവാസികള്‍. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ എട്ടുമണിക്ക് ആരംഭിച്ച ഉപരോധ സമരം ഇപ്പോഴും തുടരുകയാണ്.

വാഗാഡിന്റെ ലേബര്‍ ക്യാമ്പിലെ എസ്.ഡി പ്ലാന്റ് പ്രവര്‍ത്തിക്കാത്തത് ദിവസങ്ങളായി. കനത്ത മഴയും കൂടിയായതോടെ മാലിന്യങ്ങള്‍ കുന്നിന് താഴേക്ക് ഒലിച്ചിറങ്ങുകയും പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളടക്കം മലിനമാകുകയാണ്. ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഓഫീസ് ഉപരോധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസം മുമ്പ് വാഗാഡ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ അനുകൂല തീരുമാനമാകാതായതോടെ ഇന്ന് മുതല്‍ ഉപരോധസമരവുമായി രംഗത്തുവരുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ലേബര്‍ ക്യാമ്പിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാവശ്യപ്പെട്ട് ഇതാദ്യമായല്ല പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തുന്നത്. ജനകീയ പ്രതിഷേധമുയരുമ്പോള്‍ താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ച് തടിയൂരുന്നതല്ലാതെ ശാശ്വതമായ പരിഹാരത്തിന് വാഗാഡിന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായിട്ടില്ല. ലേബര്‍ ക്യാമ്പിലെ മാലിന്യം കാരണം പ്രദേശത്തെ നിരവധി കിണറുകള്‍ ഇതിനകം ഉപയോഗശൂന്യമായിട്ടുണ്ട്.

ശ്രീശൈലം കുന്നിലെ സ്വകാര്യ കമ്പനിയുടെ സ്ഥലത്താണ് തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പ്. ഇവിടെ പഞ്ചായത്തിന്റെ നിയമങ്ങള്‍ പാലിച്ച് ശാസ്ത്രീയമായ രീതിയിലല്ല സെപ്റ്റിക് ടാങ്ക് നിര്‍മ്മിച്ചത്. ജെ.സി.ബി ഉപയോഗിച്ച് കുഴി കുഴിച്ച് അതിലാണ് കക്കൂസ് മാലിന്യം തള്ളിയിരുന്നത്. ഈ കുഴി നിറഞ്ഞൊഴുകിയതോടെയാണ് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമായത്.