”മന്ത്രി മാജിക്ക് വടി വീശിയപ്പോള്‍ പുസ്തകത്തില്‍ നിന്നും പറന്നുയര്‍ന്ന വെള്ളരി പ്രാവ്” കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മാജിക്കിലൂടെ സദസ്സിനെ വിസ്മയിപ്പിച്ച കൊയിലാണ്ടിക്കാരന്‍; അനുഭവം പങ്കുവെച്ച് ശ്രീജിത്ത് വിയ്യൂര്‍


ന്റെ മാന്ത്രിക ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ വേദികളില്‍ ഒന്നായിരുന്നു ഇന്നലെ കോഴിക്കോട് വെച്ച് നടന്ന ചരിത്ര പ്രധാനമായ, ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി, യുനെസ്‌കോ കോഴിക്കോട് നഗരത്തെ പ്രഖ്യാപിക്കുന്ന ചടങ്ങ്. ഉദ്ഘാടന ചടങ്ങിന് മുന്‍പുള്ള 45 മിനുട്ടോളം, സാഹിത്യവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ മായാജാല പ്രകടനം നിറഞ്ഞ് കവിഞ്ഞ സദസ്സിന് മുന്‍പില്‍ എളിയ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. പ്രശസ്തരായ എഴുത്തുകാരും, സാംസ്‌ക്കാരിക നായകന്‍മാരും, സിനിമാ താരങ്ങളും, രാഷ്ട്രീയ നേതാക്കന്‍മാരും, പത്രപ്രവര്‍ത്തകരും, ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ, ഇരിപ്പിടം പോലുമില്ലാതിരുന്ന നൂറുകണക്കിന് സഹൃദയരും നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിന് മുന്‍പില്‍ ഇന്ദ്രജാല പ്രകടനം നടത്താന്‍ ഭാഗ്യമുണ്ടായി.

25 വര്‍ഷത്തിലധികമായുള്ള അനുഭവ പരിചയം (പിതാവ് ശ്രീധരന്‍ വിയ്യൂരിനൊപ്പവും) എനിക്ക് മാജിക്ക് മേഖലയില്‍ ഉണ്ടെങ്കിലും, ഈ സവിശേഷമായ വേദിയില്‍ നില്‍ക്കുമ്പോള്‍ ചെറിയ രീതിയിലുള ടെന്‍ഷന്‍ ഉള്ളില്‍ നന്നായി ഉണ്ടായിരുന്നു. പക്ഷേ നിറകയ്യടികളോടെ സദസ്സ് തീമാറ്റിക്കലായ മാജിക്കിനെ സ്വീകരിച്ചപ്പോള്‍ ഉള്ളില്‍ തണുത്ത മഴ. തുടര്‍ന്ന് സാഹിത്യ നഗര പ്രഖ്യാപനത്തിന്റെ ഉദ്ഘാടന വേദിയില്‍, മുഖ്യാതിഥികളോടൊപ്പം എം.ടിയുമായി ബന്ധപ്പെടുത്തിയ രണ്ട് മാജിക്ക്.

കറുത്ത ഫോട്ടോ ഫ്രെയിമില്‍ സന്തോഷത്തിന്റെ പൂവിതളുകളും, പ്രതീക്ഷകളുടെ വര്‍ണ്ണ കടലാസുകളും വിശിഷ്ടാതിഥികള്‍ ഒരുമിച്ച് വിതറിയപ്പോള്‍ ഫ്രെയിമില്‍ തെളിഞ്ഞ് വന്ന എം.ടി.യുടെ മുഖം, വേദിയിലുള്ളവരും സദസും ഒരുപോലെ സന്താഷത്തോടെ സ്വീകരിച്ചു. തുടര്‍ന്ന് എം.ടി യുടെ ‘രണ്ടാമൂഴം’ എന്ന നോവലിന്റെ ആദ്യത്തെ താളില്‍ എം.ബി രാജേഷ് കയ്യൊപ്പ് ചാര്‍ത്തുകയും, ഒപ്പം മന്ത്രി മുഹമ്മദ് റിയാസ് മാജിക്ക് വടി വീശുകയും ചെയ്തപ്പോള്‍ പുസ്തകത്തില്‍ നിന്നും പറന്നുയര്‍ന്ന വെള്ളരി പ്രാവ്.

സാധാരണ ചെയ്യുന്ന നോര്‍മല്‍ ഷോകളേക്കാള്‍ സാഹിത്യ സംബന്ധിയായതിനാല്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ കൂടുതല്‍ ഗൃഹപാഠവും, കുറച്ച് ചിലവേറിയ മുന്നൊരുക്കങ്ങളുമൊക്കെ വേണ്ടി വന്നെങ്കിലും, ഈ മഹത്തായ പരിപാടിയുടെ ഭാഗഭാക്കായി, ചിലവിനുള്ള കാശ് പോലും സ്വീകരിക്കാതെ കോര്‍പ്പറേഷന് വേണ്ടി, കോഴിക്കോടിന് വേണ്ടി പ്രോഗ്രാം ചെയ്തപ്പോള്‍ അതിലേറെ നിര്‍വൃതി.

വലിയ സന്തോഷം. ഒപ്പം അസുഖകാരണങ്ങളാല്‍ എം.ടി എത്താതിരുന്നതും, അദ്ദേഹത്തിന് മുന്‍പിലോ അല്ലെങ്കില്‍ അദ്ദേഹത്തിനൊപ്പമോ മാജിക് ചെയ്യാന്‍ സാധിക്കാതിരുന്നതും വലിയ ദു:ഖമായി അവശേഷിക്കുന്നു.