കലാപ്രകടനങ്ങൾ, സാംസ്കാരിക സദസ്സ്, മെഗാഷോ; പെരുവട്ടൂരിലെ സൗഹൃദം ഫെസ്റ്റ് നാടിന്റെ ഉത്സവമായി
കൊയിലാണ്ടി: സൗഹൃദം ആർട്സ് ആൻഡ് സ്പോർട്സ് ആറാം വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. സൗഹൃദം ഫെസ്റ്റ്-2023 എന്ന് പേരിട്ട ആഘോഷ പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സജിത്ത് ടി.വി അധ്യക്ഷനായി. യു.കെ.അജേഷ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ജിഷ പുതിയേടത്ത്, സുധ സി എന്നിവർ ആശംസകൾ നേർന്നു.
ആദ്യ ദിനം പ്രാദേശിക കലാകാരന്മാർ അണിയിച്ചൊരുക്കിയ സർഗസന്ധ്യ അരങ്ങേറി. സൗഹൃദം ഫെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ആസ്റ്റർ ലാബ്, സ്റ്റൈലോ ഒപ്റ്റിക്സ് എന്നീ സ്ഥാപനങ്ങൾ സൗഹൃദം ആർട്സ് ആന്റ് സ്പോർട്സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും നടന്നു.
വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. സലിൽ പുലിയോര വയലിൽ അധ്യക്ഷനായി. ഷാജി അമ്പിളി സ്വാഗതം പറഞ്ഞു. കോൺഗ്രസ് നേതാവ് വി.വി.സുധാകരൻ, സി.പി.എം നേതാവ് പി.വി.സത്യൻ, ബി.ജെ.പി നേതാവ് മുരളീധര ഗോപാൽ, മുസ്ലിം ലീഗ് നേതാവ് അൻവർ ഇയ്യഞ്ചേരി, സിനി ആർട്ടിസ്റ്റ് രഞ്ജുഷ, അർജുൻ രാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് അരുൺ ഒ.കെ നന്ദി പറഞ്ഞു. തുടർന്ന് സ്വരലയ കാലിക്കറ്റ് അവതരിപ്പിച്ച മെഗാഷോയും അരങ്ങേറി.