“ആർ.എസ്.എസ് എന്ന പ്രധാന ‘വർഗീയ’ സംഘടന തന്നെയാണ് എന്റെ ബാപ്പയെ ക്രൂരമായി കൊന്നുകളഞ്ഞത്”; സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘പ്രധാന സംഘടന’ പരാമർശത്തിനെതിരെ മേപ്പയ്യൂരിലെ രക്തസാക്ഷി ഇബ്രാഹിമിന്റെ മകൻ


മേപ്പയൂര്‍: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആര്‍.എസ്.എസ് നേതാവിനെ കണ്ടതില്‍ അപാകതയില്ലെന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിനെതിരെ വിമർശനവുമായി മേപ്പയ്യൂരിലെ സിപിഎം രക്തസാക്ഷി ഇബ്രാഹിമിൻ്റെ മകൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെബിന്‍ വിമര്‍ശനം ഉന്നയിച്ചത്.

ആർ എസ് എസ് എന്ന ‘വർഗീയ’ സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന്‌ കളഞ്ഞതെന്നും, ഇതേ പോലെ അനേകം രക്തസാക്ഷികളെ ഇവിടെ സൃഷ്ടിച്ചു വെച്ചതെന്നുമാണ് പ്രധാനമായും കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്‌. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നും ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നുമായിരുന്നു സ്പീക്കർ പറഞ്ഞത്.

‘പ്രധാന സംഘടന’ എന്ന് മാത്രം പറഞ്ഞുകൊണ്ട് ആർക്കാണീ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നതെന്നും സ്പീക്കർ പറഞ്ഞ ‘പ്രധാന സംഘടന’ രാജ്യത്ത് വംശഹത്യകൾ നടത്തിയവരുടെ സംഘടനയായാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്‌.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

പ്രധാന ‘വർഗീയ’ സംഘടന എന്ന സത്യത്തെ മറച്ചു വെച്ചുകൊണ്ട് ‘പ്രധാന സംഘടന’ എന്ന് മാത്രം പറയുന്നതിലെ രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടണം.
‘വർഗീയത’ എന്നത് ഉറക്കെ പറയേണ്ട വാക്ക് തന്നെയാണ്.
ഷംസീറൊക്കെ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം ആർ എസ് എസ്സിനെ പ്രീതിപെടുത്താനുള്ളതാവരുത്.
പ്രധാന സംഘടന എന്ന ലേബലിൽ RSS ന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇങ്ങനെ നോർമലൈസ് ചെയ്യുന്നത് കാണുമ്പോൾ,
അവരാൽ കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങൾ ഇതൊക്കെ കേട്ട് തരിച്ചിരിപ്പാണ് എന്ന സത്യം മിനിമം മനസിലാക്കണം.
‘പ്രധാന സംഘടന’ എന്ന് മാത്രം പറഞ്ഞുകൊണ്ട് താങ്കൾ ആർകാണീ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്?
താങ്കളീ പറഞ്ഞ ‘പ്രധാന സംഘടന’ രാജ്യത്ത് വംശഹത്യകൾ നടത്തിയവരുടെ സംഘടനയാണ്.
മതത്തിന്റെയും ജാതിയുടെയും പേരിൽ ഇന്നും കൊലപാതകങ്ങൾ നടത്തികൊണ്ടിരിക്കുന്ന സംഘടനയാണ്.
ഭക്ഷണത്തിന്റെ പേരിൽ പോലും മനുഷ്യനെ മൃഗീയമായി കൊല്ലുന്നവന്റെ സംഘടനയാണ്‌.
ഈ ആർ എസ് എസ് എന്ന ‘വർഗീയ’ സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന്‌ കളഞ്ഞത്.
ഇതേ പോലെ അനേകം രക്തസാക്ഷികളെ ഇവിടെ സൃഷ്ടിച്ചു വെച്ചതും.
വർത്തമാന ഇന്ത്യയിൽ നിങ്ങളെ പോലുള്ളവരാൽ വെള്ള പൂശപ്പെടേണ്ട സംഘടനയല്ല ആർ എസ് എസ്.
ഇന്ത്യയിൽ ആർ എസ് എസ് എന്നത് ‘പ്രധാന വർഗീയ സംഘടനയാണ്’.
മനുഷ്യനെ കൊന്നുകളയാൻ യാതൊരു മടിയുമില്ലാത്ത ‘തീവ്രസ്വഭാവമുള്ള പ്രധാന വർഗീയ സംഘടന’.
അതങ്ങിനെ തന്നെയേ പറയാവൂ.

Description: Son of CPM martyr Ibrahim of Meppayyur against Speaker N Shamseer