ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം പേറുന്ന ‘ഗാസ’- സോമശേഖരന്‍.പി.വിയുടെ കവിത


സോമശേഖരന്‍ പി.വി

ഗാസയുടെ പ്രഭാതങ്ങള്‍ക്ക്
കറുത്ത നിറമാണ്.
ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം
ലോകം മുഴുവന്‍ വ്യാപിച്ചു.
മാംസ കൂമ്പാരം വേവിക്കുന്ന പുകച്ചുരുളില്‍
പകലുകള്‍ നഷ്ടപ്പെട്ട ദിനങ്ങള്‍
മിസൈലുകള്‍ ബലിക്കാക്കകളെപ്പോലെ
പാറിക്കളിച്ചു… സ്‌കൂളുകള്‍.. ആശുപത്രികള്‍
ലക്ഷ്യത്തിന് ഉന്നം പിഴച്ചില്ല.

പ്രതിരോധിക്കാനൊരു തലമുറ
അവശേഷിക്കുകയില്ലെന്ന
മൂഢരുടെ വിശ്വാസം അവര്‍ ചരിത്രം പഠിച്ചില്ലെന്ന
വസ്തുത വെളിപ്പെടുത്തുന്നു.

വര്‍ണ്ണവെറിക്കെതിരെ പൊരുതിമരിച്ച
പിന്‍ഗാമി.. നെറികെട്ടാക്രമണത്തിന് കൂട്ട്…
ഇത് ചരിത്രത്തിന്റെ വൈരുദ്ധ്യമായ് മാറുന്നു.
ഹിറ്റ്‌ലറും മുസ്സോളിനിയും ഈദിഅമീനും
ഇവര്‍ക്കിടയിലേക്കോ നെതന്യാഹു
നിന്റെ യാത്ര…!

ഓര്‍ക്കുക… കുഴിയെടുത്തവന്‍ കുഴിയില്‍
പിഞ്ചുമക്കളുടെ ജഡമരുകില്‍
വിണ്ടുകീറിയ നെഞ്ചുമായി
മുല കനത്ത അമ്മമാര്‍ക്ക് കണ്ണുനീരില്ല…!
അവര്‍ മുലപ്പാല്‍ ചുരത്തി.
മുലപ്പാല്‍ മഹാസമുദ്രമായി…
പ്രളയമായി… ബാക്കിപത്രം….
ഇനി….

സോമശേഖരന്‍ പി.വി. ചെങ്ങോട്ടുകാവ് ചേലിയ സ്വദേശിയാണ്.