‘സ്ത്രീശക്തിയെ ഉണര്‍ത്താം ആത്മഹത്യ തടയാം’; ഫോക്കസ് തീരദേശ ക്യാമ്പയിന്റെ ഭാഗമായി തിക്കോടിയില്‍ വിജിലന്റ് ഗ്രൂപ്പ്, സിഡിഎസ് എന്നിവര്‍ക്കായി ക്ലാസ് നടത്തി സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്


തിക്കോടി: ഫോക്കസ് തീരദേശ ക്യാമ്പയിന്റെ ഭാഗമായി തിക്കോടി പഞ്ചായത്തിലെ വാര്‍ഡുകളിലെ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ക്കായി ‘സ്ത്രീശക്തിയെ ഉണര്‍ത്താം ആത്മഹത്യ തടയാം’ എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്റ്റിന്റെയും തിക്കോടി സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഫോക്കസ് തീരദേശ ക്യാമ്പയിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.

സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും പിന്തുണ നല്‍കുന്നതിനും വേണ്ടിയാണ് ഫോക്കസ് തീരദേശ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സ്‌നേഹിതാ കൗണ്‍സിലര്‍ മാജിത ക്ലാസ് എടുത്തു. വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ തടയുന്നതിന്റെ ഭാഗമായി ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍, അവരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, അവരോട് ഇടപെടേണ്ട രീതി ആത്മഹത്യ തടയാന്‍ ചെയ്യേണ്ട മാര്‍ഗ്ഗങ്ങള്‍ എന്നിവ ക്ലാസില്‍ ചര്‍ച്ച ചെയ്തു. സ്‌നേഹിതാ സേവനങ്ങളെക്കുറിച്ച് സ്‌നേഹിത സ്റ്റാഫ് ദിവ്യ വ്യക്തമാക്കി.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. വിശ്വന്‍, മെമ്പര്‍ സെക്രട്ടറി ഇന്ദിര .കെ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. പുഷ്പ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍ ഷാമിനി സ്വാഗതം പറഞ്ഞു. സി.ഡി.എസ് മെമ്പര്‍മാര്‍ നേതൃത്വം നല്‍കിയ പരിപാടിയ്ക്ക് ശ്രീനില നന്ദി രേഖപ്പെടുത്തി.