സ്‌നേഹസ്പര്‍ശനം പദ്ധതിയുടെ ഭാഗമായുള്ള ഡയാലിസിസ് ധനസഹായം വര്‍ധിപ്പിച്ചു; ഇനിമുതല്‍ 4000രൂപ
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഡയാലിസിസിനുള്ള ധനസഹായം 4000 രൂപയാക്കി ഉയര്‍ത്തി. നേരത്തെ 3000 രൂപയായിരുന്നു ധനസഹായമായി നല്‍കിവന്നിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വൃക്ക രോഗി വെല്‍ഫെയര്‍ സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്നിരുന്നു. യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
2012ലാണ് സ്‌നേഹസ്പര്‍ശം പദ്ധതി ആരംഭിച്ചത്. ഡയാലിസിസ് ധനസഹായം, വൃക്ക, കരള്‍ മാറ്റഇവെച്ചവര്‍ക്ക് സൗജന്യ ജീവന്‍ രക്ഷാമരുന്നുകള്‍ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വീടുകളില്‍ എത്തിച്ചുനല്‍കുന്നുണ്ട്. വൃക്ക രോഗവും ജീവിതശൈലി രോഗങ്ങളും തുടക്കത്തിലേ തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി ഇഖ്‌റ ആശുപത്രിയുടെ സഹകരണത്തോടെ പരിശോധനാ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസം 100 പേരെയാണ് ക്ലിനിക്കില്‍ സൗജന്യമായി പരിശോധിക്കുന്നത്.
70629 ഡയാലിസിസുകള്‍ക്കായി 1.78 കോടി രൂപയും 6377 പേര്‍ക്ക് മരുന്നിനായി 87.66ലക്ഷം രൂപയും നവജീവന്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തിനായി 3.13ലക്ഷം രൂപയും കെയിര്‍ സെന്റര്‍ നടത്തിപ്പിനായി 8.24 ലക്ഷവും 23 വൃക്കമാറ്റ ശസ്ത്രക്രിയകള്‍ക്കായി 69.55ലക്ഷവുമാണ് ഈ വര്‍ഷം പദ്ധതിയുടെ ഭാഗമായി ഉപയോഗിച്ചത്. ഇതുസംബന്ധിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത വരവുചിലവ് കണക്കുകളും യോഗം അംഗീകരിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.