കളിച്ചും ചിരിച്ചും ആടിയും പാടിയും അവർ സന്തോഷം പങ്കിട്ടു; കോടിക്കലിലെ സ്നേഹ സംഗമത്തിൽ ഒത്തുചേർന്ന് വയോധികർ
നന്തിബസാർ: വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരെ ചേർത്ത് പിടിച്ച് മൈകോ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം. കളിച്ചും ചിരിച്ചും സംസാരിച്ചും പാടിയും അവർ സ്നേഹം പങ്കിട്ടു. അറഫ നഗറിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ പ്രദേശത്തെ പ്രായമുള്ള 35 പേരെ ആദരിച്ചു.
പ്രായമുള്ളവർ നമ്മുടെ നാടിന്റെ വിളക്കുമാടങ്ങളാണെന്നും അവർ അവഗണിക്കപ്പെടേണ്ട വ്യക്തികളല്ലെന്നുമുള്ള സന്ദേശമാണ് സംഗമം പൊതുസമൂഹത്തിന് നൽകിയത്. സമൂഹം ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതുമായ വ്യക്തികളാണെന്നും ആരോഗ്യമുള്ള കാലത്ത് നമ്മുടെ നാട്ടിന് വേണ്ടി സേവനം ചെയ്തവരുമാണവർ.
പ്രായമായാൽ നമ്മുടെ മനസ്സിൽ മൂന്നുചിന്തകൾ കടന്നു കയറുമെന്നാണ് ശാസ്ത്രം പറയുന്നത്. ആദ്യത്തേത് ഞങ്ങളെ അവഗണിക്കുന്നു എന്ന ചിന്ത. രണ്ട് -ഞങ്ങളുടെ അഭിപ്രായങ്ങൾ ആരും മാനിക്കുന്നില്ല എന്ന പ്രയാസം, മൂന്ന്- വീട്ടിൽ എനിക്ക് വലിയ റോളില്ല (എന്റെ വാക്കിന് പ്രസക്തിയില്ല) എന്നീ ചിന്തകൾ വരും. അതിനാൽ അവരുമായി സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും നമ്മൾ സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. വയോധികരുടെ സ്നേഹ സംഗമം പരിപാടി സംഘടിപ്പിച്ചതിലൂടെ അവർക്ക് ചിരിക്കാനും കളിതമാശകൾ പങ്കിടാനും ഒരു വേദിയൊരുക്കാൻ മൈകോയ്ക്ക് കഴിഞ്ഞു.
1985 ൽ കോടിക്കൽ പ്രദേശത്തിന്റെ ഉന്നമനത്തിനായി അറഫ മസ്ജിദ് കേന്ദ്രീകരിച്ച് രൂപികരിച്ചതാണ് മൈകോ എന്ന സംഘടന. വർഷങ്ങൾ പിന്നിട്ടിട്ടും നാടിനാവശ്യമായ വ്യത്യസ്ത പ്രവർത്തനങ്ങളുമായി സംഘടന വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.