Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 ല്‍ നിന്ന് പിന്മാറുകയാണെന്ന് കാനത്തില്‍ ജമീല എം.എല്‍.എ
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 ല്‍ നിന്നും പിന്മാറുകയാണെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല. വാര്‍ത്താതാരം പരിപാടിയില്‍ കൃത്രിമമായി വോട്ട് രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ വാര്‍ത്താതാരം മത്സരപരിപാടിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
‘ചില ആപ്പുകള്‍ ഉപയോഗിച്ച് കൃത്രിമമായി ഒരാള്‍ക്കുതന്നെ ഒന്നിലേറെ വോട്ടു ചെയ്യാനുള്ള സാഹചര്യം നിലവിലുണ്ടെന്നാണ് മനസിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥിയായ ടി.ടി ഇസ്മയിലിന് അഞ്ചുവോട്ടും ഡോ. സന്ധ്യ കുറുപ്പിന് മൂന്നുവോട്ടും സംശയം തോന്നാതിരിക്കാന്‍ കാനത്തില്‍ ജമീലയ്ക്ക് ഒരുവോട്ടും രേഖപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്തുള്ള ശബ്ദസന്ദേശവും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിന്മാറ്റം’ കാനത്തില്‍ ജമീല വ്യക്തമാക്കി.
വാര്‍ത്താതാരം പരിപാടിയില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച് കാനത്തില്‍ ജമീല ഔദ്യോഗികമായി കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്. ‘കൊയിലാണ്ടി ന്യൂസ് സംഘടിപ്പിക്കുന്ന കൊയിലാണ്ടിയിലെ വാര്‍ത്താതാരം എന്ന പരിപാടിയില്‍ കൃത്രിമമായി വോട്ട് രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാറിനെതിരെ നടക്കുന്ന വികസന വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ഈ വോട്ടെടുപ്പിന്റെ മറവില്‍ സ്വീകാര്യത നേടിയെടുക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടക്കുന്നതായി സംശയിക്കുന്നു. ഇത്തരത്തില്‍ സുതാര്യമല്ലാതെ നടക്കുന്ന വോട്ടെടുപ്പില്‍ എന്റെ പേരും ഫോട്ടോയും ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം’ എന്നാണ് കാനത്തില്‍ ജമീല കത്തിലൂടെ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ വാര്‍ത്താതാരം പരിപാടിയുടെ ഫൈനല്‍ റൗണ്ടില്‍ നിന്നും കാനത്തില്‍ ജമീലയെ ഒഴിവാക്കുകയാണ്. ഇനി മുതല്‍ അവസാന റൗണ്ടില്‍ ടി.ടി ഇസ്മായില്‍, ഡോ. സന്ധ്യകുറുപ്പ്, കൊല്ലം ഷാഫി എന്നീ മൂന്നുപേര്‍ മാത്രമായിരിക്കും മത്സരാര്‍ത്ഥികളായുണ്ടാവുക. കാനത്തില്‍ ജമീല ഉന്നയിച്ച ആക്ഷേപം കൊയിലാണ്ടി ന്യൂസിന്റെ സാങ്കേതിക വിഭാഗത്തിന്റെ പരിശോധനയിലാണ്.